ഗുവാഹത്തി : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാർജുൻ ഖാർഗെയെ പാർട്ടിയിലെ മുതിർന്ന നേതാക്കള്‍ പിന്തുണയ്‌ക്കുമ്പോള്‍ യുവജനങ്ങളുടെയും താഴെത്തട്ടിലുള്ളവരുടെയും പിന്തുണ തനിക്കുണ്ടെന്ന് സ്ഥാനാർഥി ശശി തരൂർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഗുവാഹത്തിയില്‍ വിളിച്ചുചേര്‍ത്ത വാർത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം. പാർട്ടിയുടെ രക്തത്തിലൂടെ ഗാന്ധി കുടുംബത്തിന്‍റെ ഡിഎൻഎ ഒഴുകുന്നതിനാൽ അവരുമായി അകലം പാലിച്ച് ഒരു കോൺഗ്രസ് അധ്യക്ഷനും പ്രവർത്തിക്കാൻ സാധിക്കില്ലെന്നും തരൂർ പറഞ്ഞു.
'എനിക്ക് യുവ വോട്ടർമാരുടെ പിന്തുണയുണ്ട്. താഴേത്തട്ടിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മുതിർന്നവർ ഖാർഗെയെ പിന്തുണയ്‌ക്കുന്നു. ഞങ്ങൾ മാറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മുതിർന്ന നേതാക്കൾ അതിനെ ചെറുക്കുന്നു' - തരൂർ പറഞ്ഞു. പല പാർട്ടി ഭാരവാഹികളും ഖാർഗെയ്‌ക്ക് വേണ്ടി പരസ്യ പ്രചാരണം നടത്തുന്നുണ്ടെന്ന് പറഞ്ഞ തരൂർ രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും മുതിർന്ന നേതാവിന്‍റെയും താഴെത്തട്ടിലുള്ള അംഗത്തിന്‍റെയും വോട്ടിന്‍റെ മൂല്യം തുല്യമാണെന്നും ചൂണ്ടിക്കാട്ടി.
ദേശീയ സഖ്യം രൂപീകരിക്കാൻ എല്ലാവരും പ്രവർത്തിക്കണം. ദേശീയതലത്തിൽ അത് സാധ്യമല്ലെങ്കിൽ സംസ്ഥാനതലത്തിൽ അതിനുവേണ്ടി ശ്രമിക്കണം. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാൽ അധികാര വികേന്ദ്രീകരണം ഉറപ്പാക്കും. നേതൃനിരയിൽ യുവാക്കളെ ഉൾപ്പെടുത്തി മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍പ് പല കാരണങ്ങളാൽ നിരവധി സഹപ്രവർത്തകർ പാർട്ടി വിട്ടിരുന്നു. താന്‍ കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ അവഗണന മൂലം ആര്‍ക്കും പാർട്ടി വിട്ട് പോകേണ്ടി വരില്ല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പും കോൺഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്‌ടോബർ 17നാണ് തെരഞ്ഞെടുപ്പ്. ഫലം ഒക്ടോബർ 19ന് പ്രഖ്യാപിക്കും.