കൊൽക്കത്ത: കോൺഗ്രസിനെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികൾ പോലും ബി.ജെ.പിയെ തകർക്കുന്നതിനായി പാർട്ടിയോടൊപ്പം ഒന്നിച്ചുനിൽക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. സദ്‌ഭരണ വാരം (Good Governance Week) ആചരിക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തെ പരിഹസിച്ച തരൂർ, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ ഏഴ് വർഷമായി നല്ല ഭരണത്തിന്‍റെ സത്ത ഇല്ലാതായെന്നും പറഞ്ഞു. 'പ്രൈഡ്, പ്രിജുഡിസ് ആൻഡ് പണ്ഡിട്രി' എന്ന തന്‍റെ പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ:'നമ്മെ കാക്കും 48': റോഡപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ പദ്ധതിയുമായി എം.കെ സ്റ്റാലിൻ
രാജ്യത്ത് സ്വതന്ത്ര ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ ഒരാഴ്ച എന്നതുപോലും വളരെ ദൈർഘ്യമേറിയ സമയമാണ്. എന്നാൽ വര്‍ഷത്തിലെ 52 ആഴ്ചകളിലും നല്ല ഭരണം നടത്തിയിട്ടില്ല എന്നതാണ് സര്‍ക്കാരിന്‍റെ വലിയ പ്രശ്‌നം. അതിനാൽ കേവലം ഒരാഴ്ചത്തെ നല്ല ഭരണം മതിയാകില്ല. വർഷത്തിലെ മുഴുവൻ സമയവും രാജ്യത്തെ സേവിക്കേണ്ടതുണ്ട്.
ബിജെപിക്കെതിരായ പോരാട്ടത്തിൽ പരാജയപ്പെട്ടതിന് തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെ നിരവധി പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിനെ കടന്നാക്രമിച്ചിട്ടുണ്ട്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനിയും രണ്ടര വർഷമുണ്ട്. ബിജെപിയെ തോൽപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുമെന്നാണ് പ്രതീക്ഷയെന്നും തരൂർ പറഞ്ഞു. ബിജെപിയെ മാത്രമല്ല, അതിന്‍റെ നയങ്ങളെയും രാഷ്ട്രീയത്തെയും തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.