ന്യൂഡൽഹി : കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തുന്ന വിരലടയാളം ആധാർ ഡാറ്റാബേസുമായി യോജിപ്പിച്ച് കുറ്റവാളിയെ തിരിച്ചറിയുന്നതിനായി ബയോമെട്രിക് ഡാറ്റാബേസ് (ആധാർ വിവരങ്ങൾ) പരിശോധിക്കാനുള്ള അനുമതി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ എതിർത്ത് യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ( യുഐഡിഎഐ). ബയോമെട്രിക് വിവരങ്ങൾ ഒരു വ്യക്തിയുടെ സ്വകാര്യതയാണെന്നും അത് ഒരു വ്യക്തിയുമായോ സ്ഥാപനവുമായോ പങ്കിടാൻ കഴിയില്ലെന്നും യുഐഡിഎഐ പറഞ്ഞു.
ആധാര്‍ : അതോറിറ്റിയുടെ പരിശോധന പ്രക്രിയയ്ക്ക് വിധേയമായതിന് ശേഷം ഇന്ത്യയിലെ നിവാസികൾക്ക് യുഐഡിഎഐ നൽകിയ 12 അക്ക നമ്പരാണ് ആധാര്‍.
ബയോമെട്രിക് വിവരങ്ങൾ : പത്ത് കൈ വിരലുകള്‍,രണ്ട് മിഴിപടലം,മുഖചിത്രം എന്നിവയാണ് ബയോമെട്രിക് വിവരങ്ങൾ.
ഹർജിക്കാരൻ ആവശ്യപ്പെടുന്ന ഇളവ് 2016 ആധാര്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിരിക്കുമെന്നും യുഐഡിഎഐ പറഞ്ഞു.
ആധാർ ആക്റ്റ്, 2016 (ഭേദഗതി പ്രകാരം) : ഈ നിയമ പ്രകാരം ബയോമെട്രിക് വിവരങ്ങളൊന്നും ഒരു കാരണവശാലും ആരുമായും പങ്കിടില്ല, അല്ലെങ്കിൽ ആധാർ നിയമത്തിന് കീഴിലുള്ള ആധികാരികതയ്‌ക്ക് അല്ലാതെ മറ്റെന്തെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കില്ല.
ആധാർ നമ്പർ ഉടമയുടെ ഫോട്ടോയും ജനസംഖ്യാപരമായ വിവരങ്ങളും പ്രാമാണീകരണ രേഖകളും ആധാർ നിയമത്തിലെ സെക്ഷൻ 33 അനുസരിച്ച് ചില കേസുകളിൽ അതോറിറ്റി പങ്കിട്ടേക്കാം, എന്നാൽ ആധാർ നമ്പറിന്‍റെ അഭാവത്തിൽ സാങ്കേതികമായി അത് നൽകാനാവില്ലെന്നും യുഐഡിഎഐ അറിയിച്ചു.
സെക്ഷൻ 33(1) : കോടതി ഉത്തരവിട്ടാൽ, ഐഡന്‍റിറ്റിയും പ്രാമാണീകരണ രേഖകളും ജനസംഖ്യാപരമായ വിവരങ്ങളും വെളിപ്പെടുത്താൻ വകുപ്പ് 33(1) അനുവദിക്കുന്നു. ബയോമെട്രിക് വിവരങ്ങൾ തികച്ചും ഒരു വ്യക്തിയുടെ സ്വകാര്യതയാണ് അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത തടയേണ്ടതാണെന്നും അതിനാൽ ഹർജി തള്ളിക്കളയണമെന്നും യുഐഡിഎഐ പറഞ്ഞു.