മുംബൈ: മഹാവികാസ് അഖാഡി സര്‍ക്കാരിന്‍റെ രൂപീകരണത്തിന് മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് എൻസിപി നേതാവ് ശരദ് പവാറെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ. മഹാവികാസ് അഖാഡിയുടെ മുതിർന്ന നേതാവായിട്ടാണ് അദ്ദേഹത്തെ കാണുന്നത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ഉപമുഖ്യമന്ത്രി അജിത് പവാർ, റവന്യൂ മന്ത്രി ബാലസാഹേബ് തോറാത്ത് എന്നിവരാണ് ഭരണപരമായ പ്രവർത്തനങ്ങൾ നടത്തുന്നതെങ്കിലും പവാറാണ് സര്‍ക്കാരിന്‍റെ വഴികാട്ടിയെന്ന് പട്ടോലെ വ്യക്തമാക്കി.
മഹാവികാസ് വികാസ് അഖാഡി സഖ്യത്തില്‍ വ്യത്യാസങ്ങളില്ല. ഓരോ പാർട്ടിക്കും തങ്ങളുടെ പാർട്ടി വിപുലീകരിക്കാൻ അവകാശമുണ്ട്. അത്തരത്തില്‍ തന്‍റെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് താനെന്ന് നാന പട്ടോലെ പറഞ്ഞു. ശരദ് പവാര്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ശ്രമിക്കുന്നു.
മഹാരാഷ്ട്രയിലെ ഭരണ സഖ്യത്തില്‍ വിള്ളലുണ്ടെന്ന് സൂചന നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് നാന പട്ടോലെയുടെ പ്രതികരണം. നാന പട്ടോലെയുടെ പ്രസ്താവനകളില്‍ ശരദ് പവാര്‍ വിമര്‍ശനം ഉന്നയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മന്ത്രിമാരായ അശോക് ചവാൻ, ബാലസഹേബ് തോറാത്ത് എന്നിവർ ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷനായിട്ടും കൂടിക്കാഴ്‌ചയില്‍ നാന പട്ടോലെ പങ്കെടുത്തിരുന്നില്ല.
Also Read: ബംഗാളിലെ തോല്‍വി അംഗീകരിക്കാൻ മോദിക്ക് ആകുന്നില്ലെന്ന് മമത ബാനർജി