മുംബൈ : മഹാനാടകങ്ങള്‍ക്ക് പഞ്ഞമില്ലാത്ത മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ പുതിയൊരു ഊഹാപോഹത്തിന് കൂടിയാണ് കഴിഞ്ഞ ദിവസം തിരിതെളിഞ്ഞത്. എൻസിപി ദേശീയ അധ്യക്ഷനും അമ്മാവനുമായ ശരദ് പവാറുമായി, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും അനന്തരവനുമായ അജിത് പവാർ കൂടിക്കാഴ്‌ച നടത്തി എന്നതാണ് പുതിയ കിംവദന്തി ഉടലെടുക്കാന്‍ ഇടയാക്കിയത്. പൂനെയിലെ പ്രമുഖ വ്യവസായിയുടെ വസതിയാണ് ഇരുവര്‍ക്കും കണ്ടുമുട്ടാന്‍ വേദിയായതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, 'അസാധാരണ കണ്ടുമുട്ടലിനെ' ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ മഹാരാഷ്‌ട്രയില്‍ ഇപ്പോള്‍ സജീവമായിരിക്കുകയാണ്. യോഗത്തിന് ശേഷം നേതാക്കളാരും തന്നെ പ്രതികരിച്ചിട്ടില്ലെങ്കിലും അമ്മാവൻ ശരദ് പവാറിനെ സർക്കാരിന്‍റെ ഭാഗമാക്കാനുള്ള നീക്കമാണ് അജിത് നടത്തിയതെന്നാണ് അനുമാനം. ഇങ്ങനെയൊരു വാഗ്‌ദാനം ഷിന്‍ഡെ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രി കൂടിയായ അനന്തരവന്‍ മുന്നോട്ടുവച്ചെങ്കിലും ശരദ് പവാർ അത് നിരസിച്ചെന്നാണ് വിവരം. എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീലാണ് 35 മിനിട്ട് നീണ്ട യോഗത്തിന് ചുക്കാന്‍ പിടിച്ചതെന്നും സൂചനയുണ്ട്.
'ആ ന്യായീകരണത്തിന് അല്‍പായുസ്..!' : ശരദ് പവാര്‍ - അജിത് പവാര്‍ കൂടിക്കാഴ്‌ച സംബന്ധിച്ച മാധ്യമ വാര്‍ത്തകളെ പൂര്‍ണമായും തള്ളിപ്പറയുന്ന നിലപാടാണ് മഹാരാഷ്‌ട്ര നിയമസഭ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെ സ്വീകരിച്ചത്. ശരദ് പവാർ ബിജെപി സഖ്യത്തില്‍ ചേരില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയതാണ്. മാധ്യമങ്ങളിൽ നിന്നാണ് ഇരുവരും തമ്മില്‍ നടന്ന യോഗത്തെക്കുറിച്ചുള്ള വിവരം അറിഞ്ഞത്. ഇത് എല്ലാവരിലും ആശയക്കുഴപ്പം സൃഷ്‌ടിച്ചെന്നും അംബാദാസ് ദൻവെ ചൂണ്ടിക്കാട്ടി.
ALSO READ | ശരദ് പവാറുമായി അജിത് പവാർ കൂടിക്കാഴ്‌ച നടത്തിയതായി റിപ്പോര്‍ട്ട്; കണ്ടുമുട്ടിയത് പൂനെയിലെ വ്യവസായിയുടെ വസതിയിൽ ?
അതേസമയം, കൂടിക്കാഴ്‌ചയില്‍ രൂപപ്പെട്ട 'രാഷ്‌ട്രീയ അസ്വസ്ഥത' എന്‍സിപിയേയും പാര്‍ട്ടി പ്രവർത്തകരേയും പ്രതിപക്ഷത്തുള്ള കൂട്ടുകക്ഷികളെയും പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തില്‍, കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ ശരദ് പവാറിനോട് വിശദീകരണം ചോദിച്ചെന്നാണ് വിവരം. ബന്ധുക്കള്‍ അല്‍പം കുടുംബ കാര്യം പറയാന്‍ ഒത്തുചേര്‍ന്നതാവാം എന്നതടക്കമുള്ള ന്യായീകരണം എന്‍സിപി നേതാക്കളും പ്രവര്‍ത്തകരും തങ്ങളുടെ മറുപടിയായി മുന്നോട്ടുവയ്‌ക്കുന്നുണ്ട്. എന്നാല്‍, ഈ മറുപടിക്ക് അല്‍പായുസ് മാത്രമേ ഉള്ളൂവെന്നും ആ കണ്ടുമുട്ടല്‍ കുടുംബ കാര്യത്തില്‍ ഒതുക്കേണ്ടെന്നുമാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
പവാര്‍ - അജിത് കൂടിക്കാഴ്‌ച ഇത് രണ്ടാം തവണ : എന്‍സിപിയെ രണ്ടായി പിളര്‍ത്തി ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് അജിത് പവാർ ഏക്‌നാഥ് ഷിൻഡെ സർക്കാരിന്‍റെ ഭാഗമായത്. ഇതേത്തുടര്‍ന്ന് അജിത്തും പവാറും തമ്മിൽ രാഷ്‌ട്രീയമായി രണ്ട് ചേരിയില്‍ ആയെങ്കിലും ഇവര്‍ തമ്മില്‍ സഹകരണത്തിന് സാധ്യതയുണ്ടെന്ന തരത്തില്‍ വാർത്തകള്‍ വന്നിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 15ന് ഇരുവരും കൂടിക്കാഴ്‌ച നടത്തിയാതായുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഇങ്ങനെയൊരു ഊഹാപോഹം ഉടലെടുത്തത്. എന്നാല്‍, ഇത് എന്‍സിപിയും ശരദ് പവാറും തള്ളി. അജിത് പവാറിനൊപ്പം എൻസിപിയുടെ എട്ട് എംഎൽഎമാരാണ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സർക്കാരിന്‍റെ ഭാഗമായത്. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും മറ്റ് എട്ട് എൻസിപി എംഎൽഎമാര്‍ ക്യാബിനറ്റ് മന്ത്രിമാരായുമാണ് സത്യപ്രതിജ്ഞ ചെയ്‌തത്.