ന്യൂഡല്‍ഹി : ഉദയ്‌പൂരിൽ നൂപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ഡല്‍ഹിയിലെ ഷാജഹാനി ജുമാമസ്‌ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. പ്രവാചകന്‍റെ പേരിൽ ഒരാളെ കൊലപ്പെടുത്തുന്നത് ഭീരുത്വം മാത്രമല്ല ഇസ്ലാമിന് എതിരാണെന്നും ബുഖാരി പറഞ്ഞു. ഉദയ്‌പൂരിലെ ഹൃദയഭേദകവും ഹീനവുമായ കൊലപാതകം മനസാക്ഷിയെ പിടിച്ചുകുലുക്കുന്നതാണ്.
ഇസ്ലാം സമാധാനത്തിന്‍റെ മതമാണ്. കാരുണ്യത്തിന്‍റെയും സഹിഷ്‌ണുതയുടെയും മഹാമനസ്‌കതയുടേയും ജീവകാരുണ്യത്തിന്‍റെയും മാതൃകകൾ നിറഞ്ഞതാണ് പ്രവാചകന്‍റെ ജീവിതം. ആ ജീവിതത്തെക്കുറിച്ച് പഠിക്കുകയും ഖുർആനും ശരീഅത്തും കൃത്യമായി പിന്തുടരുകയും ചെയ്യുന്നവരാണെങ്കില്‍ പ്രതികള്‍ ഈ ക്രൂരകൃത്യം ചെയ്യുമായിരുന്നില്ലെന്നും ബുഖാരി പറഞ്ഞു.
Also read: ഉദയ്‌പൂർ കൊലപാതകം : പ്രധാന പ്രതികളിലൊരാള്‍ക്ക് പാക് സംഘടനയുമായി ബന്ധമെന്ന് പൊലീസ്
ഉദയ്‌പൂരില്‍ തയ്യല്‍ കട നടത്തുന്ന കനയ്യ ലാൽ എന്നയാളെയാണ് രണ്ടംഗ സംഘം കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. വസ്ത്രം തയ്പ്പിക്കാൻ എന്ന വ്യാജേന കടയിലെത്തിയ പ്രതികള്‍ കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ദ്യശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികള്‍ സമൂഹ മാധ്യമങ്ങളില്‍ ഇത് പോസ്റ്റ് ചെയ്‌തിരുന്നു.
നൂപുര്‍ ശർമയുടെ പ്രവാചക നിന്ദ പരാമർശത്തെ കനയ്യ ലാൽ പിന്തുണച്ചെന്ന് ആരോപിച്ചാണ് ഇയാളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉദയ്‌പൂർ സ്വദേശികളായ ഗൗസ് മുഹമ്മദ്, റിയാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. വധത്തെക്കുറിച്ച് അന്വേഷിക്കാൻ എന്‍ഐഎയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.