കിംഗ് ഖാന്‍ ആരാധകര്‍ കാത്തിരുന്ന 'ജവാന്‍' (Jawan) കഴിഞ്ഞ ദിവസമാണ് (സെപ്‌റ്റംബര്‍ 7) പ്രദര്‍ശനത്തിനെത്തിയത്. വന്‍ ആഘോഷങ്ങളോടും ആരവങ്ങളോടും ചെണ്ടമേളങ്ങളോടും കൂടിയാണ് സെപ്‌റ്റംബര്‍ ഏഴിന് തിയേറ്ററുകള്‍ തുറന്നത്. പ്രഖ്യാപനം മുതല്‍ വലിയ ഹൈപ്പുകള്‍ ലഭിച്ച 'ജവാന്‍' ആദ്യ ദിനം തന്നെ ബോക്‌സ് ഓഫിസിലും മികച്ച കണക്കുകള്‍ സൃഷ്‌ടിച്ച് നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു.
അറ്റ്‌ലി സംവിധാനം ചെയ്‌ത ചിത്രം, പ്രദര്‍ശന ദിനത്തില്‍ ഇന്ത്യൻ ബോക്‌സ് ഓഫിസിൽ ഷാരൂഖ് ഖാന്‍റെ തന്നെ 'പഠാനെ' മറികടന്നു. ഒരു ബോളിവുഡ് സിനിമയ്‌ക്ക് ലഭിക്കുന്ന എക്കാലത്തെയും ഉയർന്ന ഓപ്പണിംഗാണ് 'ജവാന്' ലഭിച്ചിരിക്കുന്നത്. 'ജവാൻ' അതിന്‍റെ ആദ്യ ദിനത്തില്‍, ഇന്ത്യയൊട്ടാകെ 75 കോടി രൂപയുടെ കലക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം, ഏകദേശം 65 കോടി രൂപ കലക്‌ട് ചെയ്‌തു. 'ജവാന്‍റെ' ഡബ്ബ് ചെയ്‌ത പതിപ്പുകളില്‍ നിന്നും 10 കോടി രൂപയും ലഭിച്ചു. ഇതോടെ ബോളിവുഡില്‍ ഇതുവരെ ഉണ്ടായിരുന്ന എല്ലാ ബോക്‌സ് ഓഫിസ് റെക്കോഡുകളും 'ജവാന്‍' തകര്‍ത്തെറിഞ്ഞു (Shah Rukh Khan's Jawan Breaks All Box Office Records).
'ജവാന്' മുമ്പ് സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്‌ത 'പഠാന്‍' (Pathaan) ആയിരുന്നു പ്രദര്‍ശന ദിനത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ബോളിവുഡ് ചിത്രം. യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സ് ചിത്രമായ 'പഠാന്‍', ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ ആദ്യ ദിനം നേടിയത് 57 കോടി രൂപയാണ്. ഹിന്ദിയിൽ മാത്രം 55 കോടി രൂപയും നേടിയിരുന്നു.
2023 ജനുവരിയിൽ റിലീസായ 'പഠാന്‍' എന്ന സിനിമയിലൂടെ ബോളിവുഡ് സിനിമാവ്യവസായത്തെ പുനരുജ്ജീവിപ്പിച്ച കിംഗ് ഖാൻ ഇപ്പോൾ, 'ജവാനി'ലൂടെ വീണ്ടും ബോളിവുഡ് വ്യവസായത്തിൽ തന്‍റെ ആധിപത്യം വ്യാപിപ്പിക്കുകയാണ്. 'ജവാന്‍' റിലീസോടുകൂടി, ഒരു വര്‍ഷത്തില്‍, പ്രദര്‍ശന ദിനത്തില്‍ 50 കോടിയിലധികം കലക്‌ട് ചെയ്യുന്ന രണ്ട് ചിത്രങ്ങളുടെ നായകന്‍ എന്ന റെക്കോര്‍ഡും ഷാരൂഖ് ഖാന് സ്വന്തം.
ഈ വര്‍ഷം ഒരു ചിത്രം കൂടി ഈ പട്ടികയിലേയ്‌ക്ക് ഉയര്‍ന്നുവന്നേയ്‌ക്കാമെന്ന പ്രതീക്ഷയിലാണ് ട്രേഡ് അനലിസ്‌റ്റുകള്‍. ഷാരൂഖ് നായകനാകുന്ന രാജ്‌കുമാർ ഹിറാനിയുടെ 'ഡുങ്കി' (Rajkumar Hirani movie Dunki) ഡിസംബറിൽ റിലീസ് ചെയ്യുന്നുണ്ട്. പ്രദര്‍ശന ദിനം 'ഡുങ്കി'യും 50 കോടിയിലധികം കലക്‌ട് ചെയ്‌താല്‍, ഒരു വര്‍ഷം 50 കോടിയിലധികം നേടുന്ന മൂന്ന് ബോക്‌സ് ഓഫിസ് സ്‌കോറുകള്‍ നേടുന്ന ഏക ഇന്ത്യന്‍ താരമായി ഷാരൂഖ് മാറും.
ഷാരൂഖ് ഖാന്‍ അറ്റ്‌ലി ആദ്യ കൂട്ടുകെട്ടിലൊരുങ്ങിയ 'ജവാനി'ല്‍ നയൻതാര (Nayanthara), വിജയ് സേതുപതി (Vijay Sethupathi) എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. പ്രിയാമണി (Priyamani), സന്യ മൽഹോത്ര (Sanya Malhotra), യോഗി ബാബു (Yogi Babu), റിധി ദോഗ്ര, സുനിൽ ഗ്രോവർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു. ദീപിക പദുകോണ്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.