വഡോദര : വഡോദര റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ആര്‍.ഒ പ്ലാന്‍റ് നിര്‍മിക്കാന്‍ പണം നല്‍കി ഷാരൂഖ് ഖാന്‍. 23 ലക്ഷം രൂപയുടെ ചെക്കാണ് പ്ലാന്‍റ് നിര്‍മാണത്തിനായി കിങ് ഖാന്‍ ഡിആർഎമ്മിന് കൈമാറിയത്. ഷാരൂഖ് ഖാന്‍ ഉള്‍പ്പെട്ട കേസില്‍, ഒരു സെലിബ്രിറ്റി ആയാല്‍ സമൂഹത്തിന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് താരത്തിന്‍റെ പ്രവര്‍ത്തി.
2017 ജനുവരി 23നാണ് കേസിനാസ്‌പദമായ സംഭവം. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് ആഗസ്‌ത് ക്രാന്തി രാജധാനി എക്‌സ്‌പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ വഡോദരയിൽ ഏതാനും സമയം തങ്ങേണ്ടി വന്നു. റയീസ് എന്ന സിനിമയുടെ പ്രചരണത്തിനാണ് കിങ് ഖാനും സംഘവും വഡോദരയില്‍ തങ്ങിയത്.
താരത്തെ കാണാനായി ആളുകള്‍ റെയില്‍വേ സ്റ്റേഷനില്‍ തടിച്ചുകൂടി. ജനക്കൂട്ടത്തിനുനേരെ ടീ ഷര്‍ട്ടും പന്തും എറിഞ്ഞതാണ് പ്രശ്‌നത്തിന് കാരണമായത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തി വീശേണ്ടി വന്നു. ഉന്തിലും തള്ളിലും പെട്ട് ഒരാള്‍ മരിക്കുകയും ചെയ്‌തിരുന്നു.
സംഭവത്തിന്‍റെ ഉത്തരവാദി ഷാരൂഖ് ഖാനാണെന്ന് കാണിച്ച് വഡോദര കോടതിയിൽ പരാതി ലഭിച്ചിരുന്നു. താരത്തിനെതിരെ സമന്‍സ് അയച്ചെങ്കിലും 2022 ല്‍ ഗുജറാത്ത് ഹൈക്കോടതി പരാതി റദ്ദാക്കി. ഈ കേസിലാണ് കോടതി, സമൂഹിക നന്മ ലക്ഷ്യമിട്ട് എന്തെങ്കിലും പ്രവര്‍ത്തി ചെയ്യാന്‍ ഷാരൂഖ് ഖാനോട് നിര്‍ദേശിച്ചത്.