ബിലാസ്‌പൂർ (ഛത്തീസ്‌ഗഡ്): നിയമപരമായി വിവാഹിതരായവർ തമ്മില്‍ ബലം ഉപയോഗിച്ചായാല്‍ പോലുമുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഛത്തീസ്‌ഗഡ് ഹൈക്കോടതി. ജസ്റ്റിസ് ചന്ദ്രവംശി അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഭാര്യയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഭർത്താവിനെ വെറുതെ വിട്ടത്. 18 വയസിന് മുകളിലുള്ളതും നിയമപരമായി വിവാഹം കഴിച്ചതുമായ സ്ത്രീയുമായി ഭർത്താവിനുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
ഭർത്താവും ബന്ധുക്കളും സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിക്കുന്നുവെന്നായിരുന്നു യുവതി ബെമെടാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി. ഈ കേസിലാണ് സ്ത്രീധന പീഡനത്തിനൊപ്പം ബലാത്സംഗത്തിനും പൊലീസ് കേസെടുത്തത്. എന്നാല്‍ നിയമപരമായി വിവാഹം കഴിച്ച ഭാര്യയുമായുള്ള ( പതിനെട്ട് വയസിന് മുകളിലായിരിക്കണം) ലൈംഗിക ബന്ധം (ബലം ഉപയോഗിച്ചാണെങ്കില്‍ കൂടി) നിയമപരമാണെന്ന് ഛത്തീസ് ഗഡ് കോടതി പറഞ്ഞത്.
അതേസമയം, ഭാര്യയുമായി ബലപ്രയോഗത്തിലൂടെയുള്ള ശാരീരിക ബന്ധം ക്രൂരമായ നടപടിയാണെന്നും വിവാഹ മോചനത്തിന് കാരണമാണെന്നും കേരള ഹൈക്കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു.