ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു. ലഖ്നൗവിലെ വസീര്‍ ഹസ്‌റത്ഹജ്ഞ് റോഡില്‍ ഇന്നലെയായിരുന്നു സംഭവം. തകര്‍ന്നു വീണ കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടിയല്‍ അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുന്നതായും ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും ഡിജിപി ഡി എസ് ചൗഹാന്‍ അറിയിച്ചു.
'കെട്ടിടം തകര്‍ന്നു വീണതിനെ തുടര്‍ന്ന് കുടുങ്ങിക്കിടന്നിരുന്ന 14 പേരെയാണ് ഇന്നലെ രക്ഷിക്കാനായത്. കുടുങ്ങിക്കിടക്കുന്ന അഞ്ച് പേര്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അഞ്ച് പേരും ഒരു മുറിയില്‍ തന്നെയാണ് കഴിയുന്നതെന്ന്' ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
'കുടുങ്ങി കിടക്കുന്നവരില്‍ രണ്ട് പേരുമായി ഞങ്ങള്‍ സംവദിക്കുന്നുണ്ട്. ആരെയും ഇതുവരെ രക്ഷിക്കാനായില്ല. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവരെ ഉടന്‍ തന്നെ പുറത്തെടുക്കുമെന്നും' ഡിജിപി കൂട്ടിച്ചേര്‍ത്തു.
കെട്ടിടം തകര്‍ന്നു വീണുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍, മൂന്ന് പേര്‍ മരണപ്പെട്ടു. കണ്ടെടുത്ത മൃതദേഹങ്ങള്‍ ആശുപത്രിയിലേയ്‌ക്ക് അയച്ചു. ദേശീയ ദുരന്തനിവാരണ സേന, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, ജില്ല മജിസ്‌ട്രേറ്റ്, ദുരന്തനിവാരണ സേന തുടങ്ങിയവര്‍ സ്ഥലത്തുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് അറിയിച്ചു.