നാസിക്: മഹാരാഷ്‌ട്രയിലെ നാസിക്കിൽ സ്വകാര്യ ബസിന് തീപിടിച്ചു. കുട്ടികളും ബസ് ഡ്രൈവറും അടക്കം 11 പേര്‍ വെന്തുമരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ദുരന്തത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരവും പരിക്കേറ്റ എല്ലാവർക്കും ഉടനടി സൗജന്യ ചികിത്സ നൽകുന്നതിനും ഉത്തരവിട്ടു.
നാസിക്-ഔറംഗബാദ് റോഡിലെ ഹോട്ടൽ മിർച്ചി ചൗക്കിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ഇന്നലെ രാത്രി യവത്മാലിൽ നിന്ന് നാസിക്കിലേക്ക് പുറപ്പെട്ട ബസിനാണ് തീപിടിച്ചത്.
മുപ്പതിലധികം യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കിടയിൽ ഔറംഗബാദ് റോഡിൽ വച്ച് ബസ് ട്രക്കുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ട്രക്കിന്‍റെ ഡീസൽ ടാങ്ക് പൊട്ടി ഡീസൽ വ്യാപിച്ചു. തൊട്ടുപിന്നാലെ പൊട്ടിത്തെറിയോടെ ബസിന് തീപിടിക്കുകയായിരുന്നു. സംഭവത്തിൽ നാസിക് പൊലീസ് അന്വേഷണം നടത്തുകയാണ്.