മാന്‍സ (പഞ്ചാബ്) : പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയ്ക്ക് നേരെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിനിടെ എട്ട് തവണ വധശ്രമങ്ങളുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പിതാവ് ബല്‍കൗര്‍ സിങ്. സിദ്ദു മൂസേവാലയുടെ സുരക്ഷ പിന്‍വലിച്ച് അത് പരസ്യമാക്കാനുള്ള ശ്രമം ആം ആദ്‌മി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് നിരന്തരമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. മകന്‍ കൊല്ലപ്പെട്ടശേഷം ആദ്യമായി പൊതുവേദിയിൽ എത്തി പ്രതികരിക്കുകയായിരുന്നു ബല്‍കൗര്‍ സിങ്.
'അവനെ കൊലപ്പെടുത്താനായി (സിദ്ദു മൂസേവാല) 60-80 പേർ പിന്നാലെയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കുറഞ്ഞത് എട്ട് തവണയെങ്കിലും വധശ്രമങ്ങളുണ്ടായി. സർക്കാര്‍, സുരക്ഷ പിൻവലിച്ച് അക്കാര്യം പരസ്യപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തി' - ബൽകൗർ സിങ് പറഞ്ഞു.
'ഗുണ്ടാസംഘങ്ങള്‍ (പഞ്ചാബിൽ) സമാന്തര സർക്കാർ രൂപീകരിച്ച് ഭരണം നടത്തുകയാണ്. ചെറുപ്പക്കാര്‍ മരിക്കുന്നു. വിക്കി മിദ്ദുഖേരയുടെ മരണത്തിന് പ്രതികാരം ചെയ്‌തു, നാളെ ആരെങ്കിലും അത് സിദ്ദുവിനായി ചെയ്യും. പക്ഷേ, കുടുംബങ്ങളാണ് നശിക്കുന്നത്' - സിങ് പറഞ്ഞു.
Also read: video: സിദ്ദു മൂസേവാല കൊലപാതകം; തോക്കുമേന്തി പ്രതികൾ, വീഡിയോ പുറത്ത്
രണ്ട് പേര്‍ കൂടി അറസ്റ്റില്‍ : ആം ആദ്‌മി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതിന്‍റെ അടുത്ത ദിവസമാണ് (മെയ് 29) മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മൂസേവാലയ്ക്ക് നേരെ നിറയൊഴിച്ചവരിലൊരാളായ അങ്കിത് സിർസ, അക്രമി സംഘത്തിന് ഒളിവില്‍ താമസിക്കാന്‍ സഹായം ചെയ്‌ത സച്ചിൻ ഭിവാനി എന്നിവരെയാണ് ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റുചെയ്‌തത്.
ഷാർപ്പ് ഷൂട്ടറായ അങ്കിത് സിര്‍സ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന് പുറമേ രണ്ട് വധശ്രമ കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. രാജസ്ഥാനില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ പ്രധാനിയാണ് സച്ചിന്‍ ഭിവാനി. അതേസമയം, മൂസേവാല വധത്തിന്‍റെ മുഖ്യ സൂത്രധാരനായ ഗുണ്ടാസംഘത്തലവന്‍ ലോറൻസ് ബിഷ്‌ണോയ് ജൂലൈ 6 വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും.