ഹൈദരാബാദ് : ഹൈദരാബാദിൽ 17.75 കോടി രൂപയുടെ വ്യാജ കറൻസിയുമായി ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കവര്‍ച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. വ്യാജ കറന്‍സിയ്ക്ക് പുറമേ ആറ് ലക്ഷത്തിലധികം രൂപയുടെ നോട്ടുകളും ഒരു കാറും പത്തോളം മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
ആന്ധ്രാപ്രദേശ് സ്വദേശി ബെല്ലംകൊണ്ട മുരളികൃഷ്‌ണ എന്നയാള്‍ ഹൈദരാബാദിൽ വ്യാജ രത്നങ്ങളുടേയും വ്യാജ കറന്‍സികളുടേയും ഇടപാട് നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബിസിനസ് പങ്കാളികൾ വീട് കൊള്ളയടിച്ചുവെന്നും രത്‌നക്കല്ലുകളും പണവും മോഷ്‌ടിച്ചെന്നും ആരോപിച്ച് മുരളികൃഷ്‌ണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Also read: ഡാര്‍ക്ക് വെബ് വഴി മയക്കുമരുന്ന് വാങ്ങും, കൊറിയറിലൂടെ വിതരണം ; 5 പേര്‍ പിടിയില്‍
17.75 കോടി രൂപയുടെ വ്യാജ കറൻസികള്‍ പൊലീസ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. 6,32,000 രൂപയുടെ നോട്ടുകളും പൊലീസ് കണ്ടെടുത്തു. ജ്യോതിഷിയായ കൃഷ്‌ണ വ്യാജ രത്‌നക്കല്ലുകൾ വിൽക്കുന്നതിനായി ഒരു വെബ്‌സൈറ്റ് നടത്തി വരികയായിരുന്നു. വ്യാജ കറൻസി ഇടപാടും ഇയാള്‍ നടത്താറുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
മുരളികൃഷ്‌ണയുടെ ബന്ധുക്കളായ ചന്തുലുരി നാഗേന്ദ്ര പ്രസാദ്, വേൽപുരി പവൻ കുമാർ, ദൊണ്ടപതി രാമകൃഷ്‌ണൻ, നല്ലബൊതുല സുരേഷ് ഗോപി, ചന്തുലൂരി വിജയ് കുമാർ, കംപമ്പതി സൂര്യം എന്നിവരും ഇടപാടില്‍ പങ്കാളികളായിരുന്നു.
ചന്തുലുരി നാഗേന്ദ്ര പ്രസാദും വേൽപുരി പവൻ കുമാറും ചേര്‍ന്നാണ് കവർച്ച ആസൂത്രണം ചെയ്‌തത്. ജൂൺ 15 ന് മറ്റ് പങ്കാളികൾക്കൊപ്പം ഇവര്‍ മുരളികൃഷ്‌ണന്‍റെ വീട്ടിൽ കവര്‍ച്ച നടത്തുകയായിരുന്നു.