നിസാമാബാദ് (തെലങ്കാന): തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ നാടിനെ ഞെട്ടിച്ച് ഒരു കുടുംബത്തിലെ ആറ് അംഗങ്ങളുടെ കൂട്ടക്കൊല (Six members in a family murdered in Telangana ). ഒരാഴ്‌ചയ്‌ക്കിടെ ഒരേ കുടുംബത്തിലെ തന്നെ ആറ് പേരെയാണ് പ്രതിയായ പ്രശാന്ത് കൊലപ്പെടുത്തിയത്. സ്വത്തിന് വേണ്ടിയാണ് പ്രശാന്ത് കൊലപാതകം നടത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡിസംബർ 9 മുതലാണ് നാടിനെ ഞെട്ടിച്ച ആറ് കൊലപാതകങ്ങൾ നടന്നത്. ഒരു കുടുംബത്തിലെ ഗൃഹനാഥൻ, ഭാര്യ, രണ്ട് മക്കൾ, രണ്ട് സഹോദരിമാർ എന്നിവരെയാണ് പ്രതി ദാരുണമായി കൊലപ്പെടുത്തിയത്.
കൊലപാതകം ഇങ്ങനെ: വീട് കൈക്കലാക്കാനായി പ്രസാദ് എന്ന ആളെയാണ് പ്രശാന്ത് ആദ്യം കൊന്നത്. തുടർന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. പ്രസാദിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഡിച്ച്പള്ളിയിൽ ഹൈവേയ്ക്ക് സമീപം കുഴിച്ചിടുകയായിരുന്നു. പിന്നീട് പ്രതി പ്രസാദിന്‍റെ വീട്ടിലെത്തി ഭർത്താവ് പൊലീസ് കസ്റ്റഡിയിലാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഭാര്യയെയും കൊലപ്പെടുത്തുകയായിരുന്നു. പ്രസാദിന്‍റെ ഭാര്യയുടെ മൃതദേഹം ബസറയിലെ ഗോദാവരി നദിയിലേയ്‌ക്ക് എറിഞ്ഞതായാണ് പൊലീസ് പറയുന്നത്.
തുടർന്ന് പ്രസാദിനെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പ്രസാദിന്‍റെ സഹോദരിയെ കൊലപ്പെടുത്തി. ശേഷം പ്രസാദിന്‍റെ രണ്ട് മക്കളെയും കൊലപ്പെടുത്തി പോച്ചമ്പാട് സോൻ പാലത്തിലെ കനാലിൽ തള്ളുകയായിരുന്നു. ശേഷം പ്രസാദിന്‍റെ മറ്റൊരു സഹോദരിയെ കൂടി കൊലപ്പെടുത്തി സദാശിവനഗറിൽ വെച്ച് കത്തിക്കുകയായിരുന്നു.
സദാശിവനഗറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതിയായ പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്‌തപ്പോഴാണ് ആറ് പേരുടെ കൊലപാതക വിവരം പുറത്തറിയുന്നത്.
പ്രസാദ്, ഭാര്യ, സഹോദരി എന്നിവരെ കൊന്നത് പ്രശാന്ത് ഒറ്റയ്ക്കാണ്. തുടർന്നുള്ള മൂന്ന് കൊലപാതകങ്ങൾ (Serial murder in Nizamabad) സുഹൃത്തുക്കളുമൊത്താണ് പ്രശാന്ത് നടത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
Also read: നാടിനെ നടുക്കി ഇരട്ടക്കൊലപാതകം; പ്രതി സ്വയം വെടിവെച്ച് മരിച്ചു