ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണ കക്ഷിയായ ഡിഎംകെയും ഗവർണർ ആർഎൻ രവിയും തമ്മിലുള്ള പോര് സംസ്ഥാനം കടന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക്. എൻഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മന്ത്രി സെന്തില്‍ ബാലാജിയെ ഗവർണർ ആർഎൻ രവി കഴിഞ്ഞ ദിവസം മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും ആ ഉത്തരവ് ഉടൻ തന്നെ റദ്ദാക്കുകയും ചെയ്‌തത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇക്കാര്യത്തില്‍ നിയമപരമായും രാഷ്ട്രീയമായും ഇടപെടുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയിരുന്നു. മന്ത്രിമാരെ നേരിട്ട് നിയമിക്കുന്നതിനും പുറത്താക്കുന്നതിനും ഭരണഘടനപരമായി ഗവർണർക്ക് അധികാരം ഇല്ലെന്നാണ് ഡിഎംകെ വാദം.
രാജ് ഭവനോട് ചോദ്യങ്ങളുമായി പോസ്റ്റർ: ഭരണകക്ഷിയും ഗവർണറും തമ്മിലുള്ള പോര് കനക്കുന്നതിനിടെ ഗവണർണറോട് ചോദ്യങ്ങളുമായി ചെന്നൈയില്‍ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേന്ദ്രമന്ത്രി സഭയില്‍ ക്രിമിനല്‍ കേസില്‍ ഉൾപ്പെട്ട മന്ത്രിമാരെ പുറത്താക്കാൻ തമിഴ്‌നാട് ഗവർണർ ആർഎൻ രവി പ്രധാനമന്ത്രിക്ക് കത്തയ്ക്കുമോ എന്നതായിരുന്നു പോസ്റ്ററിലെ ചോദ്യം. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, അശ്വിനി കുമാർ ചൗബേ, മലയാളി കൂടിയായി വി മുരളീധരൻ എന്നിവർ അടക്കമുള്ളവരുടെ പേരും കേസുകളുടെ എണ്ണവും അടക്കമാണ് പോസ്റ്ററുകൾ ചെന്നൈ നഗരത്തില്‍ പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. വി മുരളീധരന് എതിരെ ഏഴ് ക്രിമിനല്‍ കേസുകൾ ഉണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്.
കൊല, കൊള്ള, ക്രിമിനല്‍ കേസുകൾ എന്നിവയില്‍ ഉൾപ്പെട്ട മന്ത്രിമാരെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴ്‌നാട് ഗവർണർ ആർഎൻ രവി കത്തെഴുതുമോ? എന്നാണ് ചെന്നൈ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കണ്ട പോസ്റ്ററുകളില്‍ പറയുന്നത്. കേന്ദ്രമന്ത്രി സഭയിലെ 44 ശതമാനം മന്ത്രിമാരും ക്രിമിനല്‍ കേസുകളില്‍ ഉൾപ്പെട്ടവരാണ് എന്നും പോസ്റ്ററില്‍ പറയുന്നു.
യുദ്ധം പ്രഖ്യാപിച്ച് ഡിഎംകെ; ഗവർണർ ആർഎൻ രവിയും തമിഴ്‌നാട് സർക്കാരും തമ്മില്‍ നേരത്തെയും അസ്വാരസ്യങ്ങളുമായിരുന്നു. അപ്പോഴെല്ലാം ഗവർണർക്കെതിരെ പരസ്യ പ്രതികരണവുമായി ഡിഎംകെയും മുഖ്യമന്ത്രി സ്റ്റാലിനും രംഗത്ത് എത്തിയിട്ടുമുണ്ട്. പക്ഷേ ഇത്തവണ കാര്യങ്ങൾ കുറച്ചുകൂടി ശക്തമായതാണ്. കരൂർ മേഖലയില്‍ (കൊങ്കു മേഖല) ഡിഎംകെയുടെ കരുത്തായ സെന്തില്‍ ബാലാജിയുടെ അറസ്റ്റ് ഡിഎംകെയ്ക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
സെന്തില്‍ ബാലാജി ജയിലില്‍ തുടരുമ്പോഴും മന്ത്രിസഭയില്‍ നിന്ന് മാറ്റി നിർത്തുന്നതിനെ കുറിച്ച് ഡിഎംകെയോ മുഖ്യമന്ത്രി എംകെ സ്റ്റാലിനോ ആലോചിച്ചിട്ട് പോലുമില്ല. ആ സാഹചര്യം നിലനില്‍ക്കെ മന്ത്രിയെ പുറത്താക്കിക്കൊണ്ട് ഗവർണർ ഉത്തരവിറക്കിയതാണ് ഡിഎംകെ നേതൃത്വത്തെ ചൊടിപ്പിച്ചതാണ്. അതുകൊണ്ട് തന്നെയാണ് ഗവർണർക്ക് എതിരെയും അതോടൊപ്പം കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാർക്ക് എതിരെയും അതിലെല്ലാമുപരി ബിജെപി ദേശീയ നേതൃത്വത്തിന് എതിരെയും ഡിഎംകെ പരസ്യമായി പോര് പ്രഖ്യാപിച്ചത്. ദേശീയ തലത്തില്‍ ബിജെപിക്ക് താല്‍പര്യമുള്ളതും മന്ത്രിസഭയിലെ അംഗങ്ങളുമായവർക്ക് എതിരെ പോസ്റ്റർ പ്രചാരണം നടത്തി ഗവർണർക്കൊപ്പം ബിജെപിയെ കൂടി പ്രതിക്കൂട്ടിലാക്കാനാണ് ഡിഎംകെ ശ്രമിക്കുന്നത്.
സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്‌തത് അഴിമതിക്കേസിലാണെങ്കിലും ഡിഎംകെ സർക്കാരിന് എതിരെ കേന്ദ്ര സർക്കാർ ജനാധിപത്യ വിരുദ്ധവും ഭരണഘടന ലംഘനവുമാണ് നടത്തുന്നത് എന്ന വാദം ഡിഎംകെ ഇനി ശക്തമായി ഉന്നയിക്കുകയും ചെയ്യും. കേന്ദ്രമന്ത്രിസഭയില്‍ ക്രിമിനല്‍ കേസുകളില്‍ പെട്ട ആളുകൾ ഉള്ളപ്പോൾ അവർക്കെതിരെ നടപടി സ്വീകരിക്കാതെ സെന്തില്‍ബാലാജിക്ക് എതിരെ നടത്തുന്ന റെയ്ഡും അറസ്റ്റും എംകെ സ്റ്റാലിൻ സർക്കാരിനെ അട്ടിമറിക്കാനാണ് എന്ന വാദം ഡിഎംകെ ഉയർത്തിക്കഴിഞ്ഞു.
ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരെ പരസ്യമായി പോസ്റ്റർ പ്രചാരണം അടക്കം നടത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ സർക്കാരിന് ശക്തമായ എതിർപ്പ് കേന്ദ്രത്തില്‍ നിന്ന് നേരിടേണ്ടി വരുമെന്നുറപ്പാണ്.