മുംബൈ : ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന്(27.05.2022) മുന്നേറ്റം. പ്രധാന ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്‌റ്റിയും ഒരു ശതമാനത്തിലധികം ഉയര്‍ന്നു. മുപ്പത് പ്രധാനപ്പെട്ട കമ്പനികളുടെ ഓഹരികളടങ്ങിയ സെന്‍സെക്‌സ് 632.13 പോയിന്‍റുകള്‍ ഉയര്‍ന്ന്(1.17ശതമാനം) 54,884.66 പോയിന്‍റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 684.1 പോയിന്‍റുകള്‍ ഉയര്‍ന്ന് 54,936.63 വരെയെത്തി. നാഷണല്‍ സ്റ്റോക്ക് എക്‌സ്ചേഞ്ചിന്‍റെ നിഫ്‌റ്റി 182.30 പോയിന്‍റുകള്‍ (1.13 ശതമാനം) ഉയര്‍ന്ന് 16,352.45ലെത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ടെക് മഹീന്ദ്ര,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വിപ്രോ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സര്‍വ്, ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ, എച്ച്സിഎല്‍ ടെക്‌നോളജീസ് എന്നീ കമ്പനികളുടെ ഓഹരികളാണ് സെന്‍സെക്‌സില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചത്.
അതേസമയം എന്‍ടിപിസി, ഭാരതി എയര്‍ടെല്‍,പവര്‍ ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്‍റ്സ്, നെസ്‌ലെ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ് വ്യാപാരം നടത്തിയത്. ഏഷ്യയിലെ മറ്റ് പ്രധാനപ്പെട്ട ഓഹരി വിപണികളായ സിയൂള്‍, ഷാങ്ഹായി, ടോക്കിയോ, ഹോങ്കോങ് എന്നീ ഓഹരി വിപണികളും നേട്ടമുണ്ടാക്കി. യൂറോപ്പിലെ പ്രധാന ഓഹരി വിപണികളും യുഎസിലെ ഓഹരി വിപണികളും മുന്നേറ്റമാണ് ഉണ്ടാക്കുന്നത് .
ആഗോള ഓഹരി വിപണികളിലെ മുന്നേറ്റം ഇന്ത്യയിലെ ഓഹരി വിപണികളിലെ നിക്ഷേപകരേയും ആത്മവിശ്വാസത്തിലാക്കിയെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിലെ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു. വിദേശ വാണിജ്യ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ കുറഞ്ഞതും ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്നലെ(26.05.2022) 1,597.84 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. അസംസ്‌കൃത എണ്ണയുടെ അന്തര്‍ദേശീയ നിലവാരമായ ബ്രാന്‍ഡഡ് ക്രൂഡ് ഓയിലിന് ബാരലിന് 0.95 ശതമാനം വര്‍ധിച്ച് ബാരലിന് 118.5 യുഎസ് ഡോളറായി.