മുംബൈ: കൊവിഡ് വ്യാപനഭീതിയിൽ ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ കനത്തനഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 813 പോയന്‍റ് നഷ്ടത്തിൽ 48,778ലും നിഫ്റ്റി 245 പോയന്‍റ് താഴ്ന്ന് 14,589ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. പത്തുമണിയോടെ സെൻസെക്‌സിലെ നഷ്ടം 1214 പോയന്‍റായി. നിഫ്റ്റി 360 പോയന്‍റ് താഴ്ന്നു.
ബിഎസ്ഇയിലെ 1181 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 386 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 76 ഓഹരികൾക്ക് മാറ്റമില്ല. 24മണിക്കൂറിനിടെ കൊവിഡ് കേസുകളുടെ എണ്ണം 1.69 ലക്ഷമായി ഉയർന്നതാണ് വിപണിയെ ബാധിച്ചത്.
ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, നെസ് ലെ, ടിസിഎസ്, ഡോ. റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, ഏഷ്യൻ പെയിന്റ്‌സ്, ഐടിസി, ഭാരതി എയർടെൽ, റിലയൻസ്, എൽആൻഡ്ടി, ഒഎൻജിസി, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.
നിഫ്റ്റി ഐടി സൂചിക ഒഴികെയുള്ളവയെല്ലാം നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനമാണ് ഇടിഞ്ഞത്. ബിഎസ്ഇ മിഡ്ക്യാപ് നാലുശതമാനവും സ്‌മോൾ ക്യാപ് സൂചിക 3.5ശതമാനവും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ടിസിഎസ്, എച്ച്ഡിഐഎൽ, കാലിഫോർണിയ സോഫ്റ്റ് വെയർ, ക്യുപിഡ് ട്രേഡ്‌സ് തുടങ്ങിയ കമ്പനികളാണ് നാലാം പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.