ന്യൂഡല്‍ഹി : ട്രെയിനുകളിലെ ശൗചാലയങ്ങളെക്കുറിച്ചുള്ള നിരന്തര പരാതികളില്‍ പൊറുതിമുട്ടിയതിനാല്‍ പരിശോധനയ്ക്ക് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ടിറക്കി റെയില്‍വേ. ടോയ്‌ലറ്റുകൾ കവിഞ്ഞൊഴുകുന്നതും ദുർഗന്ധം വമിക്കുന്നതുമടക്കമുള്ള പരാതികള്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരെ തന്നെ പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
സാധാരണ ജൂനിയര്‍ ഉദ്യോഗസ്ഥരെയാണ് ഇത്തരം പരിശോധനകള്‍ക്കായി നിയോഗിക്കാറുള്ളതെങ്കിലും ഇത്തവണ പണി കിട്ടിയിരിക്കുന്നത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ്. രാജ്യത്തുടനീളം ട്രെയിനുകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. പ്രശ്നത്തിന്‍റെ മൂലകാരണം കണ്ടെത്തി പരിഹരിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
ഉന്നത ഉദ്യോഗസ്ഥര്‍ ഓരോ ട്രെയിനിലും 24 മണിക്കൂര്‍ നേരം യാത്ര ചെയ്ത് കാര്യങ്ങള്‍ മനസിലാക്കും. ഇതില്‍ നിന്നുള്ള നിഗമനങ്ങള്‍ പഠിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും റെയില്‍വേ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത്തരത്തില്‍ 544 പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്.
സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം : ശൗചാലയങ്ങളുടെ ശുചിത്വത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ റെയില്‍വേക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഈ വർഷം ഏപ്രിലിൽ ന്യൂഡൽഹി-ബിലാസ്പൂർ രാജധാനി എക്‌സ്പ്രസിൽ യാത്ര ചെയ്ത ഒരാള്‍ ബയോ ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം ഫ്‌ളഷ് ചെയ്‌തു. ഇതോടെ യാത്രക്കാരന്‍റെ ശരീരമാസകലം മനുഷ്യവിസർജ്യം തെറിച്ചു. ദുരനുഭവം യാത്രക്കാരന്‍ റെയില്‍വേയെ അറിയിച്ചു. സംഭവം റെയില്‍വേക്ക് കടുത്ത പ്രഹരമായി. യാത്രക്കാരൻ നോർത്തേൺ റെയിൽവേയോട് പരാതിപ്പെട്ടതിനെത്തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥര്‍ പലതവണ യോഗം ചേര്‍ന്ന് വിഷയം അവലോകനം ചെയ്യാന്‍ നിര്‍ബന്ധിതരായി.
പരിശോധനക്കെത്തുക ചില്ലറക്കാരല്ല : ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് പരിശോധനകള്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ ഇറങ്ങുക എന്ന തരത്തിലേക്ക് തീരുമാനം നീണ്ടത്. ഡിവിഷണൽ റെയിൽവേ മാനേജർമാർ, അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർമാർ, പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എഞ്ചിനീയർമാർ തുടങ്ങിയ സോണുകളിലെ മുതിർന്ന ഉദ്യോഗസ്ഥരെ അണിനിരത്തിയാകും പരിശോധന.
റെയില്‍ പാളങ്ങളും ട്രെയിന്‍ കടന്നുപോകുന്ന പാതകളും ശുചിത്വമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ റെയില്‍വേ ബയോ ടോയ്‌ലറ്റ് സംവിധാനം അവതരിപ്പിച്ചത്. എന്നാല്‍ സംവിധാനം ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നതെന്നാണ് നിഗമനം. കടുത്ത ദുര്‍ഗന്ധമാണ് പ്രധാന വിഷയം.
ബയോടോയ്‌ലറ്റുകള്‍ക്കെതിരെ വിമര്‍ശനം ആദ്യമല്ല : ബയോടോയ്‌ലറ്റുകള്‍ക്കെതിരെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) യും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) മദ്രാസും ഐഐടി കാൺപൂരും രംഗത്തുവന്നിരുന്നു. 1,99,689 ടോയ്‌ലറ്റുകള്‍ കൃത്യമായല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് സിഎജി വിമര്‍ശിച്ചത്. നേരത്തെയുള്ള സംവിധാനത്തേക്കാള്‍ മികച്ചതല്ല ബയോടോയ്‌ലറ്റുകളെന്നും ഇവയ്ക്ക് നിരവധി പ്രശ്നങ്ങള്‍ ഉണ്ടെന്നും ഐഐടികളും കണ്ടെത്തി. എന്നാല്‍ കണ്ടെത്തലുകളോട് റെയില്‍വേ പ്രതികരിച്ചത് ഇവ യാത്രക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന വാദം മുന്‍നിര്‍ത്തിയായിരുന്നു.