പൂനെ: ഇന്ത്യൻ ആർമി സൈനിക പരീക്ഷാ ചോദ്യ പേപ്പർ ചോർത്തിയ കേസിൽ മുതിർന്ന ആർമി ഉദ്യോഗസ്ഥനെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. ലഫ്റ്റനന്‍റ് കേണൽ ഭഗത്പ്രീത് സിംഗ് ബേദി (44) ആണ് അറസ്റ്റിലായത്. ഇയാളെ തെലങ്കാനയിലെ സെക്കന്തരാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 28 ന് നടക്കാനിരുന്ന ആർമി റിലേഷൻ റിക്രൂട്ട്മെന്‍റ് പരീക്ഷയുടെ പ്രാദേശിക കേന്ദ്രത്തിന്‍റെ ചോദ്യപേപ്പർ അച്ചടിക്കുന്നതിന്‍റെ ഉത്തരവാദിത്തം ഭഗത്പ്രീത് സിംഗ് ബേദിക്കായിരുന്നു. സൈനിക ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കൾക്ക് വേണ്ടിയുള്ള പരീക്ഷ രാജ്യത്തുടനീളമുള്ള ഒന്നിലധികം കേന്ദ്രങ്ങളിൽ നടക്കാനിരിക്കെയാണ് പരീക്ഷ പേപ്പർ ചോർച്ച പുറത്താകുന്നത്. ബേദിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഡൽഹിയിലെ ഓർഡനൻസ് ഡിപ്പോയിൽ സ്റ്റോർ കീപ്പറായി നിയമിക്കപ്പെട്ട ബേദിയുടെ കൂട്ടാളിയായ വിർപ്രസാദ് നർണപതിയെ (41) അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇതുവരെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നടപടിക്രമമനുസരിച്ച്, പരീക്ഷയ്ക്ക് തൊട്ടുമുമ്പ്, ഓരോ കേന്ദ്രത്തിനും ഒരു സുരക്ഷിത ലിങ്ക് കൈമാറും. അതിൽ നിന്ന് ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് അച്ചടിക്കും. ഇതാണ് സാധാരണയായി പരീക്ഷക്ക് മുമ്പായി കേന്ദ്രങ്ങളിൽ നടക്കുന്നത്. എന്നാൽ സിസിടിവി ക്യാമറയിൽ പെടാതെ ബേദി ഒരു പകർപ്പ് കൈക്കലാക്കുകയായിരുന്നു. സെക്കന്തരാബാദിലെ ഹോട്ടലിൽ താമസിച്ചിരുന്ന നർണപതിക്ക് ഇത് കൈമാറി. അങ്ങനെ ഏഴോളം ഉദ്യോഗസ്ഥർക്ക് കൈമാറിയാണ് ചോദ്യ പേപ്പർ പരീക്ഷ ഉദ്യോഗാർഥികൾക്ക് എത്തിച്ചത്. ചിലരിൽ നിന്നും ഒരു ലക്ഷം രൂപ വരെ ബേദി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചോദ്യ പേപ്പർ ചോർന്നത് പുറത്തായതോടെ പണം തിരികെ നൽകേണ്ടി വന്നു. അതേസമയം ബേദിയെ ചൊവ്വാഴ്ച പൂനെയിലെ കോടതിയിൽ ഹാജരാക്കി മെയ് 25 വരെ പൊലീസ് കസ്റ്റഡിയിൽ അയച്ചതായി അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ പ്രേംകുമാർ അഗർവാൾ പറഞ്ഞു.
Also read: മുംബൈയില്‍ കൈക്കൂലി കേസിൽ രണ്ട് പൊലീസുകാർ അറസ്റ്റിൽ