മുംബൈ: പ്രമുഖ ബ്രാന്‍ഡായ ലീവൈസിന്‍റെ (Levis) ലോഗോ അനധികൃതമായിവച്ച്, വ്യാജ വസ്‌ത്രങ്ങൾ വിറ്റതിന് മൂന്നുപേർ പിടിയില്‍. കമ്പനിയേയും ഉപഭോക്താക്കളെയും കബളിപ്പിച്ച് രണ്ടിടങ്ങളിലായാണ് വസ്‌ത്ര വില്‍പന നടന്നത്. ദേവാങ് ലക്ഷ്‌മികാന്ത്, അമീർ അൻവർ ഖാൻ എന്നിവരും മറ്റൊരാളുമാണ് അംബോലി പൊലീസിന്‍റെ പിടിയിലായത്. മഹാരാഷ്‌ട്രയിലെ ദഹിസർ യൂണിറ്റിലെ ക്രൈംബ്രാഞ്ചും അംബോലി പൊലീസുമാണ് നടപടി സ്വീകരിച്ചത്.
ജോഗേശ്വരി, ഗോരേഗാവ് മേഖലയിൽ നടത്തിയ റെയ്‌ഡില്‍ ബുധനാഴ്‌ച രാത്രിയാണ് പ്രതികള്‍ പിടിയിലായത്. കേസില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അമേരിക്ക ആസ്ഥാനമായുള്ള പ്രഖുഖ ബ്രാന്‍ഡായ ലീവൈസിന്‍റെ വ്യാജ വസ്‌ത്രങ്ങൾ ഫിലിം സിറ്റി റോഡ്, സന്തോഷ് നഗർ, ഗോരേഗാവ് എന്നിവിടങ്ങളിൽ വിൽക്കുന്നതായി ഉദ്യോഗസ്ഥര്‍ക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു.
ഗോരേഗാവില്‍ നടന്ന ആദ്യത്തെ ഓപ്പറേഷനിൽ 16 ലക്ഷം രൂപ വിലമതിക്കുന്ന മുന്നൂറിലധികം ടീ ഷർട്ടുകളും മറ്റ് യന്ത്രസാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. ഇവിടെ നിന്നുമാണ് ഒരാള്‍ പിടിയിലായത്. ഇയാളുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. ജോഗേശ്വരിയിലെ കടയില്‍ നിന്നും എട്ട് ലക്ഷം രൂപയുടെ വ്യാജ വസ്‌ത്രങ്ങളും മറ്റ് സാമഗ്രികളും പിടിച്ചെടുത്തതിലാണ് ദേവാങ് ലക്ഷ്‌മികാന്ത്, അമീർ അൻവർ ഖാൻ എന്നിവര്‍ പിടിയിലായത്. അന്വേഷണത്തിൽ വസ്‌ത്രങ്ങൾ ലീവൈസിന്‍റേതല്ലെന്നും ഈ കമ്പനിയുടെ ലോഗോ വച്ചാണ് വിറ്റതെന്നും പൊലീസ് സ്ഥിരീകരിച്ചു.