നെല്ലൂര്‍ (ആന്ധ്രാപ്രദേശ്): മൂര്‍ഖന്‍ പാമ്പിനൊപ്പം സെല്‍ഫി പകര്‍ത്തുന്നതിനിടെ 24 കാരന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശി ജഗദീഷാണ് സെല്‍ഫി പകര്‍ത്താനുള്ള ശ്രമത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത്. പാമ്പിനൊപ്പമുള്ള സെല്‍ഫി പകര്‍ത്തുന്നതിനിടെ കൈപ്പത്തിയില്‍ കടിക്കുകയായിരുന്നു.
മൂര്‍ഖനൊപ്പമുള്ള ചിത്രം പകര്‍ത്താനായി ജഗദീഷ് ഒരു പാമ്പാട്ടിയുടെ സഹായം തേടിയിരുന്നു. മികച്ചൊരു ചിത്രത്തിനായി മൂര്‍ഖന്‍ പാമ്പിനെ ചുമലില്‍ കിടത്തി കഴുത്ത് കൊണ്ട് ബലമായി പിടിച്ചിരുന്നുവെങ്കിലും പാമ്പ് ഇയാളുടെ കൈപ്പത്തിയില്‍ കടിക്കുകയായിരുന്നു, സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ആന്‍റി വെനത്തിന്‍റെ അഭാവം മൂലം യുവാവിന് ജീവന്‍ നഷ്‌ടപ്പെടുകയായിരുന്നു.