ഉന്നാവോ : കട്ടിലിൽ നോട്ടുകെട്ടുകൾ നിരത്തിവച്ച ശേഷം സെൽഫിയ്‌ക്ക് പോസ് ചെയ്‌ത് പൊലീസുകാരന്‍റെ കുടുംബം. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം. സബ് ഇൻസ്‌പെക്‌ടർ രമേഷ് ചന്ദ് സാഹ്‌നിയുടെ ഭാര്യയും മക്കളും കട്ടിലിൽ പണം നിരത്തിവച്ച് എടുത്ത സെൽഫിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇത്രയും വലിയ തുകയുടെ ഉറവിടമേതെന്ന് ചോദ്യം വന്നതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈറലായ ചിത്രത്തിൽ ഭീമമായ തുക നിരത്തിവച്ചിരിക്കുന്നതായി കാണാം. ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. എന്നാൽ, ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നാണ് ആരോപണം.
2021 നവംബർ 14 ന് എടുത്ത സെൽഫിയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നാണ് ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ രമേഷ് ചന്ദ് പറയുന്നത്. വീട് വയ്‌ക്കുന്നതിനായി ബാങ്കിൽ നിന്ന് താൻ പിൻവലിച്ചതും കടം വാങ്ങിച്ചതുമൊക്കെയാണ് ചിത്രത്തിൽ കാണുന്ന തുക എന്നും ഇയാൾ വ്യക്തമാക്കി. എന്നാൽ, ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് എങ്ങനെയാണെന്ന് രമേഷ് ചന്ദിനും കുടുംബാംഗങ്ങൾക്കും അറിയില്ലെന്നും പറഞ്ഞു.
വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ ഉന്നാവോ പൊലീസ് സൂപ്രണ്ട് സിദ്ധാർഥ് ശങ്കർ മീണ വിഷയം അന്വേഷിക്കാൻ സിഒ ബംഗർമൗ പങ്കജ് സിങ്ങിന് നിർദേശം നൽകിയിട്ടുണ്ട്. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഈ ചിത്രം അതിവേഗം പ്രചരിക്കുകയാണ്. സംഭവം ഉന്നാവോ പൊലീസിന് നാണക്കേടുണ്ടാക്കി. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിഷയത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കര്‍ണാടക എംഎല്‍എയുടെ മകന്‍റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 6 കോടി : കര്‍ണാടക ബിജെപി എംഎല്‍എ മാടൽ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് മാടലിന്‍റെ വീട്ടില്‍ ലോകായുക്ത അഴിമതി വിരുദ്ധ വിഭാഗം നടത്തിയ റെയ്‌ഡിൽ ആറ് കോടി രൂപയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മാർച്ച് മൂന്നിനായിരുന്നു റെയ്‌ഡ്. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിൽ (BWSSB) ചീഫ് അക്കൗണ്ടന്‍റായ പ്രശാന്ത് മാടലിന്‍റെ വീട്ടിലാണ് റെയ്‌ഡ് നടത്തിയത്.
മാർച്ച് രണ്ടിന് 40 ലക്ഷം രൂപയുടെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥര്‍ പ്രശാന്ത് മാടലിനെ പിടികൂടിയിരുന്നു. ചന്നഗിരി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ വിരൂപാക്ഷപ്പ ചെയർമാനായ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജെന്‍ഡ്‌സ് ലിമിറ്റഡിന്‍റെ (കെഎസ്‌ഡിഎൽ) പരിസരത്ത് വച്ചായിരുന്നു ഇയാളെ പിടികൂടിയത്. അഴിമതി നിരോധന നിയമ പ്രകാരമായിരുന്നു അറസ്റ്റ്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഓഫിസില്‍ നിന്നും 1.7 കോടിയിലേറെ രൂപ കണ്ടെത്തി. പ്രശാന്ത് മാടല്‍ കൈക്കൂലി ആവശ്യപ്പെടുന്നു എന്ന് അന്വേഷണ സംഘത്തിന് പരാതി ലഭിച്ചിരുന്നു. സോപ്പ്, ഡിറ്റർജന്‍റുകൾ, മറ്റ് സാനിറ്ററി ഉത്‌പന്നങ്ങൾ എന്നിവയുടെ അസംസ്‌കൃത വസ്‌തുക്കള്‍ ഉത്‌പാദിപ്പിക്കുന്ന കരാറുകാരന്‍ ലോകായുക്ത അഴിമതി വിരുദ്ധ വിഭാഗത്തെ സമീപിക്കുകയായിരുന്നു. 81 ലക്ഷം രൂപ പ്രശാന്ത് മാടല്‍ ആവശ്യപ്പെട്ടു എന്നായിരുന്നു ഇയാളുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ് നടത്തിയത്.
More read: കര്‍ണാടക ബിജെപി എംഎല്‍എയുടെ മകന്‍റെ വീട്ടില്‍ റെയ്‌ഡ്, ലോകായുക്ത 6 കോടി പിടികൂടി