കൊൽക്കത്ത: വ്യാജ വാക്സിനേഷൻ ആരോപണത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത വാക്സിൻ വയലുകൾ (വാക്‌സിന്‍ ബോട്ടില്‍) പരിശോധനക്ക് അയക്കുമെന്ന് കൊൽക്കത്ത സിറ്റി പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത വയലുകൾ ഒന്നും കലാവധി കഴിഞ്ഞവയല്ല. എന്നാലും വ്യാജ വയലുകൾ ആണോ എന്ന് പരിശോധിക്കാൻ കൂടുതൽ ടെസ്റ്റിന് അയക്കുമെന്നും പൊലീസ് പറഞ്ഞു.
സംസ്ഥാനത്ത് നിരവധി വ്യാജ വാക്സിനേഷൻ ഡ്രൈവുകൾ നടക്കുന്നുണ്ടെന്ന ബിജെപി എംപി മിമി ചക്രബർത്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. "റെയ്ഡിൽ കലാവധി കഴിഞ്ഞ ഒരു വയലും കണ്ടെത്തിയിട്ടില്ല. പിടിച്ചെടുത്ത വയലുകൾ യഥാർഥമാണോ അല്ലയോ എന്ന് അറിയാൻ പരിശോധനയ്ക്കായി അയയ്ക്കും. ഇക്കാര്യത്തിൽ കുറ്റാരോപിതരെ ചോദ്യം ചെയ്യും," കൊൽക്കത്ത പോലീസ് പറഞ്ഞു.നഗരത്തിലെ വ്യാജ കോവിഡ് വാക്സിനേഷൻ ഡ്രൈവ് സംബന്ധിച്ച കേസ് കൊൽക്കത്ത പോലീസ് ഡിറ്റക്ടീവ് വകുപ്പിന് കൈമാറി.
Read More: ഐഎഎസ് ഓഫിസർ ചമഞ്ഞയാള്‍ പൊലീസ് പിടിയിൽ
ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ ട്രാൻസ്ജെൻഡറുകൾക്കും മറ്റും വേണ്ടി സംഘടിപ്പിക്കുന്ന കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിന് എത്തണമെന്ന് ആവശ്യപ്പെട്ട് തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് മിമി ചക്രബർത്തി പറഞ്ഞിരുന്നു. സാധാരണക്കാരെ വാക്‌സിനെടുക്കാൻ പ്രേരിപ്പിക്കുന്നതിനായാണ് തന്നെ ക്ഷണിക്കുന്നതെന്നും ഇയാൾ പറഞ്ഞതായി മിമി ചക്രബര്‍ത്തി വിശദീകരിച്ചു. എന്നാൽ, താൻ നേരത്തെ വാക്‌സിൻ സ്വീകരിച്ചതാണെന്ന് ഇയാൾക്ക് മറുപടി നൽകുകയായിരുന്നു . സംശയം തോന്നിയതിനാലാണ് പൊലീസിൽ പരാതി നൽകിയത്.