ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ പോരാട്ടം ആറ് മാസം പൂർത്തിയായതിന്‍റെ ഭാഗമായി ഇന്ന് നടത്താനിരിക്കുന്ന പ്രതിഷേധത്തെ നേരിടാൻ ഡൽഹി സിംഘു അതിർത്തിയിലെ സുരക്ഷ ശക്തമാക്കി. 2020 സെപ്തംബറിൽ പ്രാബല്യത്തിൽ വന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധമെന്നോണം രാവിലെ മുതൽ അതിർത്തി പ്രദേശത്ത് ആളുകൾ കൂട്ടംകൂടിയിരുന്നു. കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ ലോക്ക്‌ഡൗൺ നിലനിൽക്കുന്നതിനിടയാലാണ് പ്രതിഷേധക്കാർ അതിർത്തിയിൽ ഒത്തുകൂടിയത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും അതിർത്തിയിൽ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളോ പ്രവേശനമോ അനുവദിക്കില്ലെന്നും നിയമലംഘകർക്കെതിരെ നടപടിയെടുക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചു. രാജ്യ തലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തിലുണ്ടായ പ്രതിഷേധങ്ങൾ അക്രമത്തിൽ കലാശിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് പിന്തുണയർപ്പിച്ച് നിരവധി നേതാക്കൾ രംഗത്തു വന്നു. 12 പ്രധാന പ്രതിപക്ഷ പാർട്ടികൾ നൽകിയ സംയുക്ത പ്രസ്താവനയിൽ നേതാക്കളായ സോണിയ ഗാന്ധി (കോൺഗ്രസ്), എച്ച്ഡി ദേവേഗൗഡ (ജെഡി-എസ്), ശരദ് പവാർ(എൻസിപി), മമത ബാനർജി(ടിഎംസി), ഉദ്ദവ് താക്കറെ(ശിവസേന), എം കെ സ്റ്റാലിൻ(ഡിഎംകെ), ഹേമന്ത് സോറൻ(ജെഎംഎം), ഫറൂഖ് അബ്ദുല്ല (ജെകെപിഎ), അഖിലേഷ് യാദവ്(സമാജ്‌വാദി പാർട്ടി), തേജശ്വി യാദവ്(ആർജെഡി), ഡി.രാജ(സിപിഐ), സീതാറാം യെച്ചൂരി(സിപിഐ-എം) എന്നിവർ ഒപ്പിട്ടു.
Also Read: ഇന്ത്യയിൽ 2,08,921 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,157 മരണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മെയ് 26 ജനാധിപത്യത്തിന്‍റെ കറുത്ത ദിനമായി ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച മെയ് 20ന് ആഹ്വാനം ചെയ്തിരുന്നു. ചലോ ദില്ലി കിസാൻ ആന്തോളനും കേന്ദ്ര ട്രേഡ് യൂണിയനുകൾ വിളിച്ച അഖിലേന്ത്യാ സമരവും ആറുമാസം പൂർത്തിയാക്കുന്ന ദിവസമാണ് മെയ് 26. 2014 മെയ് 26നാണ് മോദി സർക്കാർ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പിന്നീട് 2019 മെയ് 30ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളായ ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ആക്റ്റ്, 2020, കർഷക (ശാക്തീകരണവും സംരക്ഷണവും) പ്രൈസ് അഷ്വറൻസ്, ഫാം സർവീസസ് ആക്റ്റ് 2020, അവശ്യവസ്തുക്കളുടെ (ഭേദഗതി) നിയമം, 2020 എന്നിവയ്ക്കെതിരെ രാജ്യമാകമാനം കർഷക സംഘടനകളുടെ നേതൃത്വത്തിൽ 2020 നവംബർ 26 മുതൽ ശക്തമായ പ്രതിഷേധ സമരമാണ് നടക്കുന്നത്.