ന്യൂഡല്‍ഹി: ബോംബ് ഭീഷണിക്ക് പിന്നാലെ ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. തീവ്രവാദ സംഘടനയായ അല്‍ഖ്വയ്‌ദയുടെ പേരിലുള്ള സന്ദേശം ഇ-മെയില്‍ വഴിയാണ് ഡല്‍ഹി പൊലീസിന് ലഭിച്ചത്.
അല്‍ഖ്വയ്‌ദ പ്രവര്‍ത്തകരായ മുഹമ്മദ് ജലാലും ഭാര്യ ഹസീനയും ഞായറാഴ്‌ച സിംഗപ്പൂരില്‍ നിന്നും ഇന്ത്യയില്‍ എത്തി ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ മൂന്ന് ദിവസത്തിനകം ബോംബ് സ്ഥാപിക്കുമെന്നായിരുന്നു ഇ-മെയില്‍ സന്ദേശം. നേരത്തേയും ഇതേ ദമ്പതികളെ പരാമര്‍ശിച്ച് അല്‍ഖ്വയ്‌ദയുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചിരുന്നതായി അന്വേഷണം സംഘം കണ്ടെത്തി.
സന്ദേശം അവ്യക്തമാണെന്നും വിമാനത്താവള ടെര്‍മിനലിലടക്കം സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു.