ന്യൂഡല്‍ഹി: പാർലമെന്‍റിലെ വൻ സുരക്ഷ വീഴ്‌ചയില്‍ അന്വേഷണവുമായി വിവിധ സുരക്ഷ ഏജൻസികൾ. ലോക്‌സഭയിലെ സന്ദർശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടുകയും മഞ്ഞ നിറം കലർന്ന സ്പ്രേ പ്രയോഗിക്കുകയും ചെയ്‌ത കേസിലെ പ്രതികളായ മനോരഞ്ജൻ ഡി, സാഗർ ശർമ്മ എന്നിവർ പാർലമെന്‍റിനുള്ളിലെത്തിയതും അതിനുശേഷം ചെലവഴിച്ച സമയവും സൂചിപ്പിക്കുന്നത് ഗുരുതര സുരക്ഷ വീഴ്‌ചയെന്നാണ് കണ്ടെത്തല്‍. ഇരുവർക്കും 45 മിനിറ്റ് മാത്രമാണ് സന്ദർശക പാസുണ്ടായിരുന്നത്. പക്ഷേ ഇരു പ്രതികളും രണ്ട് മണിക്കൂറോളം സന്ദർശക ഗാലറിയിലിരുന്നു. ഇത് നിയമം ലംഘിച്ചാണെന്ന് സുരക്ഷ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. സാധാരണ ഗതിയില്‍ സന്ദർശക ഗാലറിയില്‍ നിശ്‌ചിത സമയം കഴിഞ്ഞും ഇരിക്കുന്നവരെ പാർലമെന്റിലെ സുരക്ഷ ഉദ്യോഗസ്ഥർ പുറത്താക്കാറുണ്ടായിരുന്നു. ഇവരുടെ കാര്യത്തില്‍ അതുണ്ടായില്ലെന്നാണ്് കണ്ടെത്തല്‍.
സുരക്ഷ ജീവനക്കാരുടെ കുറവ്: പാലർലമെന്‍റില്‍ സുരക്ഷ ജീവനക്കാരുടെ കുറവുള്ളതിനാലാണ് സന്ദർശക ഗാലറിയില്‍ നിശ്‌ചിത സമയം കഴിഞ്ഞും ഇരിക്കുന്നവരെ കണ്ടെത്താനോ അവരെ പുറത്താക്കാനോ കഴിയാത്തതെന്നാണ് സുരക്ഷ ജീവനക്കാർ അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിട്ടുള്ളത്. സ്‌പെഷ്യൽ ഡയറക്ടർ (സെക്യൂരിറ്റി) മുതൽ സെക്യൂരിറ്റി അസിസ്റ്റന്റ് ഗ്രേഡ്-2 വരെയുള്ള ശ്രേണിയിലെ സുരക്ഷ ഉദ്യോഗസ്ഥരുടെ ആവശ്യമായ അംഗബലം ഏകദേശം 301 ആണെന്നും എന്നാല്‍ നിലവിലുള്ളത് 176 പേർ മാത്രമാണെന്നുമാണ് വിവരം.
ഏകദേശം 125 സുരക്ഷ ഉദ്യോഗസ്ഥരുടെ ഒഴിവ് പാർലമെന്‍റിലുണ്ട്. ജൂനിയർ ലെവലില്‍ 10 വർഷത്തിലേറെയായി പുതിയ റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ലെന്നും സുരക്ഷ ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം പാർലമെന്‍റിന്‍റെ സുരക്ഷ സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്നാണ് ലോക്‌സഭ സ്‌പീക്കർ ഓം ബിർള സർവക്ഷി യോഗത്തിന് ശേഷം രാഷ്ട്രീയ പാർട്ടികളെ അറിയിച്ചത്.
പശ്‌ചാത്തലം തേടി അന്വേഷണം: പാർലമെന്‍റ് ആക്രമണത്തില്‍ പിടിയിലായ നാല് പേരും തമ്മില്‍ ബന്ധമുണ്ടെന്നും എന്നാല്‍ ഇവർക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും അക്രമത്തിന് പിന്നില്‍ ഭീകര പ്രവർത്തനം ഇല്ലെന്നുമാണ് നിലവില്‍ അന്വേഷണ ഏജൻസികളുടെ വിലയിരുത്തല്‍. എന്നാല്‍ ഈ നാല് പേരെ കൂടാതെ രണ്ട് പേർ കൂടി ഇന്നത്തെ പാർലമെന്‍റ് ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നല്‍കുന്ന വിവരം. ഇവർ ഹരിയാനയിലെ ഗുരുഗ്രാമില്‍ ഒന്നിച്ചുണ്ടായിരുന്നതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പ്രതികളുടെ വീടുകളില്‍ ഇന്‍റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തില്‍ സുരക്ഷ ഏജൻസികൾ പരിശോധന നടത്തുകയാണ്. ബന്ധുക്കളെ അടക്കം ചോദ്യം ചെയ്യുന്നുണ്ട്. പിടിയിലായ മനോരഞ്ജൻ മൈസൂരു സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥിയാണ്. ലഖ്‌നൗ സ്വദേശിയാണ് സാഗർ ശർമ. ഇയാൾ മൈസൂരുവില്‍ എൻജിനീയറിങ് വിദ്യാർഥിയാണ്. പാർലമെന്‍റിന് പുറത്ത് പ്രതിഷേധിച്ച നീലം ആസാദ് ഹരിയാന സ്വദേശിയും സിവില്‍ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥിയുമാണ്.
മഹാരാഷ്ട്രയിലെ ലാത്തൂർ സ്വദേശിയാണ് പാർലമെന്‍റിന് പുറത്ത് പ്രതിഷേധിച്ച അമോല്‍ ഷിൻഡെ. പിടിയിലായ നാല് പേരെ കൂടാതെ ഹരിയാനയിലെ ഗുരുഗ്രാം സ്വദേശികളായ ലളിത് ജാ, വിക്രം എന്നിവർക്ക് കൂടി അക്രമത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.