ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ഹൈദരാബാദ് സന്ദർശനത്തിന് മുന്നോടിയായി നഗരത്തില്‍ സുരക്ഷ ശക്തമാക്കി. ഐസിആര്‍ഐഎസ്എടി (ICRISAT -International Crops Research Institute for the Semi-Arid Tropics) യുടെ സുവര്‍ണ ജൂബില ആഘോഷങ്ങളില്‍ പങ്കെടുക്കാനായാണ് അദ്ദേഹം എത്തുന്നത്.
പ്രത്യേക വിമാനത്തില്‍ ബീഗംപേട്ട് വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ഹെലികോപ്റ്റര്‍ മാര്‍ഗമാണ് യാത്ര ചെയ്യുക. തുടര്‍ന്ന് രംഗറെഡ്ഡി ജില്ലയിലെ ശ്രീരാമ നഗരത്തിലെത്തുന്ന അദ്ദേഹം രാമാനുജാചാര്യരുടെ സഹസ്രാബ്ദ ആഘോഷങ്ങളിലും പങ്കെടുക്കും. ഇവിടെ സ്ഥാപിച്ച സ്റ്റാച്യു ഓഫ് ഇക്വാലിറ്റി (Statue of Equality) പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഹൈദരാബാദ് പൊലീസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി 7,000 പൊലീസുകാരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ശ്രീരാമ നഗരത്തിലും പ്രത്യേക സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്‌പിജി ഉദ്യോഗസ്ഥർ തെലങ്കാന പൊലീസുമായി ഹൈദരാബാദിലെ സുരക്ഷാ നടപടികൾ അവലോകനം ചെയ്യുന്നുണ്ട്.
അടുത്തിടെ പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം കണക്കിലെടുത്ത് പൊലീസ് എല്ലാ മുൻകരുതലുകളും സ്വീകരിച്ചുവരികയാണ്. പ്രധാനമന്ത്രി പുറപ്പെടുന്ന സമയത്ത് ഷംഷാബാദ് എയർപോർട്ട് റൂട്ടിൽ പൊലീസ് ഗതാഗതം നിയന്ത്രിക്കുകയും സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
തെലങ്കാന ചീഫ് സെക്രട്ടറി സോമേഷ് കുമാർ ഡിജിപിയുമായും മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായും സുരക്ഷാ, ട്രാഫിക് ക്രമീകരണങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി.