ജയ്‌പൂർ : ജനാധിപത്യത്തിലെ പ്രധാന ഘടകമായ മതേതരത്വം രാജ്യത്ത് ഇന്ന് നേരിടുന്നത് കടുത്ത വെല്ലുവിളിയെന്ന് സ്‌പീക്കർ എം.ബി. രാജേഷ്. ജയ്‌പൂരിൽ ഇന്ത്യൻ യൂത്ത് പാർലമെന്‍റിനെ അഭിസംബോധന ചെയ്‌ത് സംസരിക്കുകയായിരുന്നു അദ്ദേഹം.
പൗരാവകാശം, രാഷ്‌ട്രീയ അവകാശം, സാമ്പത്തിക അവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് രാജ്യത്തെ എല്ലാ പൗരർക്കും അവബോധം നൽകുന്നതാണ് ഭരണഘടന. നിർഭാഗ്യവശാൽ അത്തരം അവകാശങ്ങൾ ഇന്ന് രാജ്യത്ത് ഗുരുതരമായ വെല്ലുവിളി നേരിടുന്നുവെന്നതാണ് വാസ്‌തവം.
ജനാധിപത്യവും മതേതരത്വവും ഒന്നാണ്. മതേതരത്വമില്ലാതെ ജനാധിപത്യത്തിന് നിലനിൽക്കാനാവില്ല. അതിനാൽ രാജ്യത്തെ മതേതര ഘടന ശക്തിപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അതുവഴി ജനാധിപത്യവും ശക്തിപ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ചന്ദ്രിക പണമിടപാട് കേസ്: ഇ.ഡിക്കു മുന്നിൽ ഹാജരായി കുഞ്ഞാലിക്കുട്ടി
നിലവിൽ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം നിയന്ത്രണത്തിലാണെന്നും സ്‌പീക്കർ പറഞ്ഞു. കൊവിഡിന്‍റെ ഒന്നും രണ്ടും തരംഗങ്ങൾ നിയന്ത്രിക്കുന്നതിൽ കേരളം വിജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രണ്ടാം തരംഗം കേരളത്തിൽ രൂക്ഷമായി ബാധിച്ചെങ്കിലും സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ മഹാമാരിയെ പിടിച്ചുകെട്ടാനായി. രാജ്യത്ത് തന്നെ ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയത് കേരളത്തിലാണ്.
ജനജീവിതം സാധാരണനിലയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ പരീക്ഷകൾ വിജയകരമായി നടത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.