ന്യൂഡല്‍ഹി: ആദ്യത്തെ കൊവിഡ് വ്യാപനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാം തരംഗം പരിമിതമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മാത്രമാണുണ്ടാക്കുകയെന്ന് കേന്ദ്ര ധനമന്ത്രാലയം. ഏപ്രില്‍ മാസത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് മന്ത്രാലയം ഈ നിരീക്ഷണം പങ്കുവെച്ചത്.
ആദ്യ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാമ്പത്തിക ആഘാതം പരിമിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡിനിടയിലും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാമെന്ന അന്താരാഷ്ട്ര അനുഭവങ്ങള്‍ ഇപ്പോള്‍ മുന്നിലുണ്ട്. രണ്ടാം തരംഗത്തിനിടയിലും സാമ്പത്തിക വീണ്ടെടുക്കല്‍ സംബന്ധിച്ച ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും ധനമന്ത്രാലയം പറയുന്നു.
2020-21 ന്‍റെ രണ്ടാം പകുതിയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിച്ചതോടെ സര്‍ക്കാരിന്‍റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.2020-21ന്‍റെ രണ്ടാം പകുതിയില്‍ ജിഎസ്ടി കളക്ഷനുകളില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. സാമ്പത്തിക വീണ്ടെടുക്കല്‍ മൂലം കഴിഞ്ഞ ആറ് മാസങ്ങളില്‍ ഓരോന്നിലും ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി കളക്ഷന്‍ എത്തി. ഏപ്രില്‍ ജിഎസ്ടി ശേഖരണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന തലമായ 1.41 ലക്ഷം രൂപയിലേക്കെത്തി. നിരന്തരമായ സാമ്പത്തിക വീണ്ടെടുക്കലിനെ ഇത് സൂചിപ്പിക്കുന്നതായി ധനമന്ത്രാലയം വിശദീകരിക്കുന്നു.
വാക്സിനേഷന്‍ ശക്തമാകുന്നതോടെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ ഉയര്‍ന്നുവന്നിട്ടുള്ള വെല്ലുവിളികളെ മറികടക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി അവതരിപ്പിച്ച പിഎൽഐ സ്‌കീമിന്‍റെ ഗുണം ഭാവിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .