ഡെറാഡൂൺ: കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഇന്ത്യയൊട്ടാകെ കണ്ട് വരുന്ന വകഭേദം അതിമാരക പകർച്ച ശേഷിയുള്ളതും പ്രായമായവരേക്കാൾ ചെറുപ്പക്കാരെ കൂടുതലായി ബാധിക്കുന്നതുമാണെന്ന് ഉത്തരാഖണ്ഡ് കൊവിഡ് സ്റ്റേറ്റ് കൺട്രോൾ റൂമിന്‍റെ കണക്കുകൾ.
മൊത്തം കേസുകളുടെ എണ്ണത്തിൽ വിവിധ പ്രായ വിഭാഗങ്ങളുടെ ശതമാനം ഒന്നും രണ്ടും തരംഗത്തിൽ സമാനമാണെങ്കിലും മരണ നിരക്കിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 30-39, 40-49 വയസിനിടയിൽ പ്രായമുള്ളവരുടെ മരണനിരക്ക് കുത്തനെ ഉയർന്നതായും 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ മരണനിരക്കിൽ കുറവുണ്ടായതായും ഉത്തരാഖണ്ഡ് കൊവിഡ് സ്റ്റേറ്റ് കൺട്രോൾ റൂമിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.
Also Read: 24.1% പേർക്കും കൊവിഡ് ബാധിച്ചെന്ന് സർവേ, കേന്ദ്ര കണക്കില്‍ 2 ശതമാനത്തിനും താഴെ
കൺട്രോൾ റൂമിന്‍റെ കണക്കുകൾ പ്രകാരം മെയ് 1നും 20നുമിടക്ക് 9 വയസ് പ്രായമുള്ള 2,044 കുട്ടികളിലും 10 നും 19 നും ഇടയിൽ പ്രായമുള്ള 8661 കുട്ടികളിലുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ, 20 നും 29 നും ഇടയിൽ പ്രായമുള്ള 25,299 പേരും 30 നും 39 നും ഇടയിൽ പ്രായമുള്ള 30,753 പേരും 40 നും 49 നും ഇടയിൽ പ്രായമുള്ള 23,414 പേരും 20 ദിവസത്തിനിടയിൽ കൊവിഡ് ബാധിതരായി. അതേസമയം, 50 മുതൽ 59 വയസ് വരെ പ്രായമുള്ളവരിൽ 16,164 പേർക്കും 60 മുതൽ 69 വയസ് വരെ പ്രായമുള്ളവരിൽ 10,218 പേർക്കും 70നും 79നുമിടയിൽ പ്രായമുള്ളവരിൽ 4,757 പേർക്കും 80 മുതൽ 90 വയസ് വരെയുള്ള 1500 പേർക്കും, 90 വയസ് പ്രായമുള്ള 139 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.