പനാജി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഗോവയിൽ 144 പ്രഖ്യാപിച്ചു. ഹോളി, ഷാബ്-ഇ, ഈസ്റ്റർ, ഈദ് ആഘോഷങ്ങൾക്ക് മുന്നോടിയായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നോർത്ത് ഗോവ ജില്ലാ മജിസ്‌ട്രേറ്റ് അജിത് റോയിയുടെ ഉത്തരവ് പ്രകാരം ആഘോഷം, സമ്മേളനങ്ങൾ, സഭകൾ എന്നിവക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 പ്രകാരം കേസെടുക്കുമെന്നും അധികൃതർ അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഷിഗ്‌മോ ഫെസ്റ്റിവൽ പരേഡ് റദ്ദാക്കിയതായി ഗോവ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഗോവയിൽ നിലവിൽ 1,379 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ആകെ മരണസംഖ്യ 824 ആയി. ഒറ്റ ദിവസത്തിൽ 170 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,258 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.