ശ്രീനഗര്‍ : ജമ്മു കശ്‌മീര്‍ അനന്ത്നാഗ് (Anantnag Encounter) ജില്ലയിലെ ഗഡോള്‍ വനമേഖലയില്‍ (Gadole Forest Area) തമ്പടിച്ചിരിക്കുന്ന ഭീകരവാദികളെ കണ്ടെത്താനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി സുരക്ഷാസേന. പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തുന്ന തെരച്ചില്‍ അഞ്ചാം ദിവസമായ ഇന്ന് വനമേഖലയുടെ സമീപ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഡ്രോണുകളും ഹെലികോപ്‌ടറുകളും ഉപയോഗിച്ചാണ് നിലവില്‍ മേഖലയില്‍ തെരച്ചില്‍ പുരോഗമിക്കുന്നത് (Search For Militants In Anantnag).
ഇക്കഴിഞ്ഞ ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 13) അനന്ത്നാഗില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റ് (Rashtriya Rifles Unit) കമാൻഡറായ കരസേനയിലെ കേണല്‍, മേജര്‍, ജമ്മു കശ്‌മീര്‍ പൊലീസിലെ ഒരു ഡിഎസ്‌പി എന്നിവര്‍ക്കായിരുന്നു ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്‌ടമായത്. മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സംയുക്ത പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആയിരുന്നു ആക്രമണമുണ്ടായത്.
സംഭവത്തിന് ശേഷം ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ സേനയ്‌ക്കായില്ല. പിന്നാലെ തന്നെ ഇവര്‍ക്കായുള്ള തെരച്ചിലും ആരംഭിച്ചിരുന്നു. തെരച്ചിലിനിടെ വ്യാഴാഴ്‌ച (സെപ്‌റ്റംബര്‍ 14) ഒരു സൈനികനെ കാണാതാവുകയും പിന്നീട് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്‌തിരുന്നു.
Read More : Army Colonel Major And DSP Killed : അനന്ത്നാഗ് ഏറ്റുമുട്ടല്‍ : കേണലിനും മേജറിനും ഡിഎസ്‌പിക്കും വീരമൃത്യു
ഏറ്റുമുട്ടലിന് ശേഷം കടന്നുകളഞ്ഞ തീവ്രവാദികളില്‍ ചിലര്‍ വനത്തിനുള്ളില്‍ കുടുങ്ങിയെന്ന വിലയിരുത്തലിലാണ് പൊലീസ്. കശ്‌മീര്‍ എഡിജിപിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഡ്രോണ്‍ ഉള്‍പ്പടെയുള്ളവയുടെ സഹായത്തോടെ ഭീകരവാദികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത്.
ഡ്രോണ്‍ പരിശോധനയില്‍ വനത്തിനുള്ളില്‍ ഭീകരവാദികളുടെ സാന്നിധ്യം മനസിലാക്കാന്‍ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇവര്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതപ്പെടുന്ന പ്രദേശത്ത് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ, വനത്തിനുള്ളില്‍ കുടുങ്ങിയവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സാധിക്കുന്ന നിരവധി പ്രദേശങ്ങള്‍ ഉണ്ടെന്നും ഡ്രോണ്‍ പരിശോധനയിലൂടെ ഇവ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
അതേസമയം, ബാരാമുള്ളയിലെ ഉറിയിലുണ്ടായ (Encounter In Baramulla Uri) ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ കഴിഞ്ഞ ദിവസം (സെപ്‌റ്റംബര്‍ 16) വധിച്ചിരുന്നു. ഉറിയിലെ ഹത്‌ലംഹ ഫോര്‍വേര്‍ഡ് മേഖലയിലായിരുന്നു സേനയും ഭീകരവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്. പൊലീസും സൈന്യവും പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. തുടര്‍ന്നായിരുന്നു സൈന്യം തിരിച്ചടിച്ചതും മൂന്ന് ഭീകരവാദികള്‍ (Three Militants Killed In Baramulla Uri) കൊല്ലപ്പെട്ടതും.