ബദൗണ്‍ : അമിത വേഗത്തിലെത്തിയ ബസ് സ്‌കൂള്‍ വാനില്‍ ഇടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്കും വാന്‍ ഡ്രൈവര്‍ക്കും ദാരുണാന്ത്യം (School Van Hit By Bus). 16 കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരില്‍ അഞ്ച് കുട്ടികളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബദൗണില്‍ ഇന്ന് രാവിലെയാണ് സംഭവം.
20 വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് പോയ വാനാണ് ബദൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉസാവ പ്രദേശത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ബദൗണ്‍ മെഡിക്കല്‍ കോളജിലും ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുള്ളതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം (UP Badaun school van accident).
അപകടത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ ജില്ല കലക്‌ടറും സീനിയര്‍ പൊലീസ് സൂപ്രണ്ടും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികളുടെ പരിക്കിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ ചികിത്സ ഉടന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമിതവേഗതയില്‍ എതിര്‍ ദിശയില്‍ വന്ന ബസ് സ്‌കൂള്‍ വാനില്‍ ഇടിക്കുകയായിരുന്നു എന്ന് ബദൗണ്‍ ഡിഎം മനോജ് കുമാര്‍ പറഞ്ഞു.
'സ്‌കൂള്‍ വാനിന്‍റെ ഡ്രൈവറും മൂന്ന് വിദ്യാര്‍ഥികളും സംഭവ സ്ഥലത്തു തന്നെ മരിച്ചു. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുടുംബങ്ങളെ വിവരം അറയിച്ചു. ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം അനുസരിച്ച്, അപകട സമയത്ത് ഡ്രൈവര്‍ ആയിരുന്നില്ല ബസ് ഓടിച്ചിരുന്നത്. പകരം മറ്റൊരാളായിരുന്നു ഡ്രൈവിങ് സീറ്റില്‍. ഇക്കാര്യവും അന്വേഷിച്ച് വരികയാണ്' -മനോജ് കുമാര്‍ വ്യക്തമാക്കി.
കുട്ടികള്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട് അല്‍പ സമയത്തിനകമാണ് അപകടം നടന്നതായി വിവരം ലഭിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അപകടം നേരില്‍ കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായിരുന്നു.
വാഹവാപകടത്തില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ ഏഴ് പേര്‍: ഒക്‌ടോബര്‍ 28ന് രാജസ്ഥാനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിക്കുകയുണ്ടായി. ഹനുമാൻഗഢ് ജില്ലയിലെ നൗറംഗ്‌ദേശറിൽ ആയിരുന്നു അപകടം. അപകടത്തിൽ കാർ പൂർണമായും തകർന്നു.
രാജസ്ഥാൻ സ്വദേശികളായ പരംജീത് കൗർ (60), രാംപാൽ (36), ഖുഷ്‌വീന്ദ്ര (25), റീമ (35), പരംജീത് (22), മൻജീത് (5), റീത് (12) എന്നിവരാണ് മരിച്ചത്. ഇവർ സംഭവസ്ഥലത്ത വച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിൽ രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട് വന്നിരുന്നു.
മൻരാജ്, ആകാശ്‌ദീപ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേസമയം, അപകടം നടന്ന ഉടനെ ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.