മെഹബൂബ്നഗർ (തെലങ്കാന): 25ഓളം വിദ്യാർഥികളുമായി സ്കൂളിലേക്ക് പോയ സ്വകാര്യ സ്കൂൾ ബസ് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ അകപ്പെട്ടു. മെഹബൂബ്നഗർ ജില്ലയിലെ മച്ചാൻപള്ളിയ്ക്കും കൊടൂരിനും ഇടയിൽ വച്ചാണ് ബസ് പ്രളയത്തിലകപ്പെട്ടത്. റെയിൽവേ അണ്ടർബ്രിഡ്ജ് വരെ പൊക്കത്തിലാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്.
രാമചന്ദ്രപുരം, സൂഗുരുഗഡ്ഡ തണ്ട എന്നിവിടങ്ങളിൽ നിന്നും വിദ്യാർഥികളുമായി സ്കൂളിലേക്ക് പൊവുകയായിരുന്നു ബസ്. വെള്ളക്കെട്ടിലെത്തിയപ്പോൾ ബസ് ഓഫായി. ബസിനുള്ളിൽ വെള്ളം കയറിത്തുടങ്ങിയപ്പോൾ ഡ്രൈവർ നാട്ടുകാരെ വിവരമറിയിച്ചു.
തുടർന്ന് നാട്ടുകാർ എത്തി വിദ്യാർഥികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. പിന്നീട് വെള്ളക്കെട്ടിൽ കുടുങ്ങിയ ബസ് ട്രാക്ടർ ഉപയോഗിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.