ന്യൂഡല്‍ഹി : ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്‌തുള്ള ഹര്‍ജികള്‍ അടുത്തയാഴ്‌ച സുപ്രീംകോടതി പരിഗണിക്കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി 4 വര്‍ഷത്തിന് ശേഷമാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ വരുന്നത്. നിലവില്‍ ജമ്മു കശ്‌മീരില്‍ സമാധാനാന്തരീക്ഷമാണെന്നും ഇക്കാലയളവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള അക്രമ സംബന്ധമായ കേസുകള്‍ കുറഞ്ഞെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഹര്‍ജികള്‍ പരിഗണിക്കാനുള്ള സുപ്രീം കോടതി നടപടികളുണ്ടാകുന്നത്.
മേഖലയിലെ തീവ്രവാദ, വിഘടനവാദ പ്രവര്‍ത്തികളെല്ലാം പഴയങ്കഥയായി മാറിയിരിക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2018ല്‍ കശ്‌മീരില്‍ ഏകദേശം 1767 തീവ്രവാദ സംബന്ധിയായ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ 2023 ആയപ്പോഴേക്കും ഇത് പൂജ്യമായി കുറഞ്ഞു. വിവിധ ആക്രമണങ്ങളും സംഘര്‍ഷങ്ങളും കാരണം 2018ല്‍ 52 ഹര്‍ത്താലുകളാണ് കശ്‌മീരിലുണ്ടായിട്ടുള്ളത്. എന്നാല്‍ 2023ല്‍ ഹര്‍ത്താലുകള്‍ ഉണ്ടായിട്ടില്ല.
കശ്‌മീരിലെ ഭീകരാക്രമണം മുമ്പത്തേക്കാള്‍ ഗണ്യമായി കുറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങളില്‍ 97.2 ശതമാനം കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ രീതിയില്‍ മേഖലയില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മാത്രമല്ല പുരോഗമനപരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് കശ്‌മീര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും കേന്ദ്രം സത്യവാങ് മൂലത്തില്‍ പറയുന്നു.
മേഖലയിലെ ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കശ്‌മീരിലെ സ്‌കൂളുകൾ, കോളജുകൾ, സർവകലാശാലകൾ, ആശുപത്രികൾ, മറ്റ് പൊതുസ്ഥാപനങ്ങൾ എന്നിവയുടെ പ്രവര്‍ത്തനത്തിന് സമരങ്ങളോ മറ്റ് പ്രയാസങ്ങളോ തടസങ്ങളാകാതെ മുന്നോട്ട് പോകുന്നുണ്ട്. ഹർത്താൽ, പണിമുടക്ക്, കല്ലേറ്, ബന്ദ് എന്നിവയെല്ലാം പഴങ്കഥയായെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
എന്താണ് ആര്‍ട്ടിക്കിള്‍ 370 : ഇന്ത്യന്‍ ഭരണ ഘടന പ്രകാരം ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 370 എന്നത്. ഭരണഘടനയിലെ 21ാം അനുച്ഛേദത്തിലാണ് കശ്‌മീരിന് ഈ പ്രത്യേക പദവി നല്‍കി കൊണ്ടുള്ള വകുപ്പ് ഉള്ളത്. പ്രത്യേക നിബന്ധനകളോട് കൂടിയുള്ള ഈ വകുപ്പ് താത്‌കാലിമായി മാറ്റം വരാവുന്നതുമാണ്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള വകുപ്പുകള്‍ കശ്‌മീരിന്‍റെ കാര്യത്തില്‍ നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഈ വകുപ്പ്. കശ്‌മീരിലെ ജനങ്ങളുടെ സ്വത്തവകാശം, മൗലിക അവകാശം, സംസ്ഥാനത്തിന്‍റെ നിയമ സംഹിത തുടങ്ങിയവയെല്ലാം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തീര്‍ത്തും വ്യത്യസ്‌തമാണ്.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ കശ്‌മീരില്‍ നടപ്പാക്കാന്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാറിന്‍റെ പ്രത്യേക അനുമതി വേണമായിരുന്നു. വിദേശകാര്യം, വാര്‍ത്താവിനിമയം, പ്രതിരോധം എന്നിങ്ങനെയുള്ള കാര്യങ്ങളൊഴികെയുള്ളവയ്‌ക്കാണ് ഈ നിബന്ധന ബാധകമായിട്ടുള്ളത്.
ആര്‍ട്ടിക്കിള്‍ 370 പ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കശ്‌മീരില്‍ സ്ഥലം വാങ്ങാന്‍ കഴിയില്ല. ഇത്തരം ഇടപാടുകള്‍ സംസ്ഥാനത്തുള്ളവര്‍ക്ക് പരസ്‌പരം മാത്രമേ സാധിക്കുകയുള്ളൂ. ഇവിടെ സാമ്പത്തിക അടിയന്തരാവസ്ഥ പോലുള്ളവ സാധാരണ ഗതിയില്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലായിരുന്നു. യുദ്ധമോ അക്രമ സാഹചര്യങ്ങളോ ഉണ്ടായാല്‍ മാത്രമേ അത് നടപ്പിലാക്കാന്‍ കഴിയുമായിരുന്നുള്ളൂ.