ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് കേസ് വാരാണസി ജില്ല കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി. വിഷയത്തിന്‍റെ സങ്കീർണതയും സെൻസിറ്റിവിറ്റിയും പരിഗണിക്കുമ്പോൾ കേസ് മുതിർന്ന ജുഡീഷ്യൽ ഓഫിസർ കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് കോടതി നിരീക്ഷിച്ചു. ഗ്യാന്‍വാപി മസ്‌ജിദിലെ സര്‍വേ നടപടികള്‍ക്കെതിരെ മസ്‌ജിദ് പരിപാലന സമിതി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്.
കേസ് മുതിർന്ന ജുഡീഷ്യൽ ഓഫിസർക്ക് കൈമാറുന്നത് നേരത്തെ കൈകാര്യം ചെയ്‌തിരുന്ന സിവിൽ ജഡ്‌ജിയുടെ മേൽ യാതൊരുവിധ ആക്ഷേപവും ഉണ്ടാക്കുന്നില്ല. കേസ് അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥൻ നോക്കുന്നതാണ് നല്ലത്. വിഷയത്തിൽ സിവില്‍ കോടതി നടപടികള്‍ നിര്‍ത്തിവെക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഹർജിയിൽ തീരുമാനമുണ്ടാകുന്നതുവരെ ശിവലിംഗം കണ്ടെത്തിയതായി പറയപ്പെടുന്ന പ്രദേശം സംരക്ഷിക്കാനും മുസ്‌ലിങ്ങൾക്ക് പള്ളി പരിസരത്ത് നമസ്‌കരിക്കാനും അനുമതി നൽകുന്ന മെയ് 17ലെ ഇടക്കാല ഉത്തരവ് തുടരട്ടെയെന്നും കോടതി പറഞ്ഞു. തർക്കത്തിൽ ഉൾപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് പള്ളിയിൽ നമസ്‌കരിക്കാൻ വരുന്ന മുസ്‌ലിങ്ങൾക്ക് വുദു(അംഗശുദ്ധി) ചെയ്യുന്നതിന് നൽകുന്നതിന് മതിയായ ക്രമീകരണങ്ങൾ ചെയ്യാനും ബെഞ്ച് ജില്ല മജിസ്‌ട്രേറ്റിനോട് നിർദേശിച്ചു.
Also Read: ഗ്യാന്‍വാപി മസ്ജിദ് സര്‍വേ: ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി