ന്യൂഡൽഹി: യോഗ ഗുരു രാംദേവിന്‍റെ അലോപ്പതിക്കെതിരായ പരാമർശത്തിൽ സുപ്രീം കോടതി തെളിവുകൾ പരിശോധിക്കും. ആധുനിക അലോപ്പതിക്കെതിരെ നടത്തിയ പരാമർശത്തിന് എതിരെ രജിസ്റ്റർ ചെയ്‌ത വിവിധ കേസുകളില്‍ സ്റ്റേ വാങ്ങാനായാണ് യോഗ ഗുരു ബാബ രാംദേവ് സുപ്രീം കോടതിയെ സമീപിച്ചത്. യോഗ ഗുരു രാംദേവിനെതിരെയുള്ള കേസുകൾ ഡൽഹിയിലേക്ക് മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ബിഹാർ, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാംദേവിനെതിരെയുള്ള കേസുകളുള്ളത്.
ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് എ.എസ് ബോപ്പണ്ണ, ഹൃഷികേശ് റോയ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസുമായി ബന്ധപ്പെട്ട മുഴുവൻ എഫ്‌ഐആറുകളും കൂട്ടിച്ചേർക്കണമെന്നും കേസ് ഡൽഹിയിലേക്ക് മാറ്റണമെന്നുമാണ് ഹർജി. കൊവിഡ് ചികിത്സയിൽ അലോപ്പതിക്കെതിരെ രാംദേവ് നടത്തിയ പ്രസ്‌താവനക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി നൽകിയത്.
പരാതി നൽകി ഐഎംഎ
രാംദേവിന്‍റെ പ്രസ്‌താവനയിലൂടെ കൊവിഡിനെതിരെ തെറ്റായ നിരീക്ഷണങ്ങൾ ജനങ്ങൾക്ക് ഉണ്ടായേക്കാമെന്നും കൃത്യമായ ചികിത്സയിൽ നിന്ന് ജനം പിന്മാറിയേക്കാം എന്ന വിലയിരുത്തലിലാണ് ഐഎംഎ പരാതി നൽകിയത്. ഐപിസിയിലെ വിവിധ വകുപ്പുകളും ദുരന്ത നിവാരണ നിയമ പ്രകാരവുമാണ് രാംദേവിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
പ്രസ്‌താവനയെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രി
കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ പ്രസ്‌താവനയെ തള്ളി രംഗത്തെത്തിയതോടെ രാംദേവ് തന്‍റെ പ്രസ്‌താവനയിൽ നിന്ന് പിറകോട്ട് പോയിരുന്നു. രാംദേവിന്‍റെ പ്രസ്‌താവന രാജ്യത്ത് അലോപ്പതി X ആയുർവേദം തുടങ്ങിയ ചർച്ചക്കും ഇടവരുത്തിയിരുന്നു.
READ MORE: അലോപ്പതിക്കെതിരായ പരാമർശം; ബാബ രാംദേവ് സുപ്രീം കോടതിയില്‍