ന്യൂഡല്‍ഹി : 2018ൽ മധ്യപ്രദേശിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ ഒരു പ്രതിയുടെ വധശിക്ഷ സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. കുറ്റവാളി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്‌റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചിന്‍റെ ഉത്തരവ്. കൂടുതൽ പരിഗണനയ്ക്കായി, അപ്പീലിന്മേൽ ചുമത്തപ്പെട്ട വധശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യുന്നതായി കോടതി അറിയിച്ചു.
ജസ്‌റ്റിസുമാരായ എസ് ആർ ഭട്ടും ബേല എം ത്രിവേദിയും അടങ്ങുന്ന ബഞ്ചാണ് ഉത്തരവിട്ടത്. കുറ്റവാളിയെ സംബന്ധിച്ച പ്രൊബേഷൻ ഓഫിസറുടെ റിപ്പോർട്ടും ജയിലിൽ വെച്ച് ഇയാള്‍ ചെയ്‌ത ജോലിയുടെ സ്വഭാവത്തെക്കുറിച്ചുള്ള ജയിൽ അഡ്‌മിനിസ്ട്രേഷന്‍റെ റിപ്പോർട്ടും 2022 മാർച്ച് ഒന്നിന് മുമ്പായി സമർപ്പിക്കാൻ സുപ്രീം കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചു.
ഇൻഡോർ ആസ്ഥാനമായുള്ള ഒരു ആശുപത്രിയുടെ ഡയറക്‌ടറോട് പ്രതിയുടെ മാനസിക നില വിലയിരുത്തലിനായി ഒരു ടീമിനെ രൂപീകരിക്കാൻ ബഞ്ച് ആവശ്യപ്പെട്ടു. ഈ വർഷം സെപ്റ്റംബറിൽ പുറപ്പെടുവിച്ച വിധിയിൽ, കേസിലെ രണ്ട് പ്രതികൾക്ക് 2018 ഓഗസ്‌റ്റിൽ വിചാരണ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു.
ALSO READ: പോത്തൻകോട് കൊലപാതകം : ഒട്ടകം രാജേഷുമായി തെളിവെടുപ്പ്, ആയുധം കണ്ടെടുത്തു
2018 ജൂണിൽ, അക്രമിക്കപ്പെട്ട പെൺകുട്ടിയുടെ മുത്തശ്ശി മന്ദ്‌സോറിലെ ഒരു പൊലീസ് സ്‌റ്റേഷനിൽ, ക്ലാസ് കഴിഞ്ഞതിന് ശേഷം തന്‍റെ കൊച്ചുമകളെ സ്‌കൂൾ പരിസരത്ത് നിന്ന് കാണാതായതായി പരാതി നൽകുകയായിരുന്നു. പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയും അടുത്ത ദിവസം പെൺകുട്ടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു.
തന്നെ പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്‌തുവെന്ന് ചികിത്സയ്‌ക്കിടെ പെൺകുട്ടി പൊലീസിനോട് പറഞ്ഞു. തെളിവുകൾ പരിഗണിച്ച കോടതി രണ്ട് പ്രതികൾക്കും വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മവിശ്വാസം തകർത്ത്, കാമവികാരങ്ങൾ തീർക്കാൻ ശ്രമിക്കുന്ന ദുഷിച്ച ഗൂഢാലോചനയാണ് വെളിപ്പെട്ടതെന്ന് വധശിക്ഷ ശരിവച്ചുകൊണ്ട്, ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.