ന്യൂഡല്‍ഹി: മിശ്രവിവാഹം മൂലമുള്ള മതപരിവര്‍ത്തനം നിയന്ത്രിക്കുന്ന കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടന നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന്‍റെയും ആറ് സംസ്ഥാനങ്ങളുടെയും പ്രതികരണം തേടി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ജംഇയ്യത്തുല്‍ ഉലമ നല്‍കി ഹര്‍ജി പരിഗണിച്ചത്.
ഹര്‍ജി പരിഗണിച്ച ബെഞ്ച് അഡ്വക്കേറ്റ് എം ആര്‍ ഷംഷാദ് മുഖേന അറ്റോണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയില്‍ നിന്ന് മറുപടി തേടി. വിഷയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഗുജറാത്ത് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന മൂന്ന് കേസുകള്‍, അലഹബാദ് ഹൈക്കോടതിയിലുള്ള അഞ്ച് കേസുകള്‍, ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലെ മൂന്ന് കേസുകള്‍, ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നിലവിലുള്ള മൂന്ന് കേസുകള്‍, മധ്യപ്രദേശ് ഹൈക്കോടതിയിലെ ആറ് കേസുകള്‍, കര്‍ണാടക ഹൈക്കോടതിയിലെ ഒരു കേസ് എന്നിവയെ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സംഘടന കോടതിയെ സമീപിച്ചത്. ഇത് സംസ്ഥാന നിയമങ്ങള്‍ക്ക് വെല്ലുവിളിയാണ്.
വശീകരണത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ നടക്കുന്ന മതപരിവർത്തനം ചോദ്യം ചെയ്‌തതും സംസ്ഥാന മത പരിവർത്തന വിരുദ്ധ നിയമത്തിന്‍റെ സാധുത ചോദ്യം ചെയ്‌തതുമായ ഹർജികൾ ഉൾപ്പെടെയുള്ള ഒരു കൂട്ടം ഹർജികളാണ് കോടതി പരിഗണിക്കുന്നത്. കൂടാതെ, ഗുജറാത്തും മധ്യപ്രദേശും രണ്ട് വ്യത്യസ്‌ത ഹർജികൾ സമർപ്പിച്ചിട്ടുണ്ട്. മതപരിവര്‍ത്തനം സംബന്ധിച്ച സംസ്ഥാന നിയമങ്ങളിലെ ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്‌ത അതാത് ഹൈക്കോടതികളുടെ ഇടക്കാല ഉത്തരവുകളെ സുപ്രീംകോടതി ചോദ്യം ചെയ്‌തു.
മതപരിവര്‍ത്തന കേസില്‍ ന്യൂന പക്ഷങ്ങള്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ അശ്വിനി ഉപാധ്യായ പരാമര്‍ശം പിന്‍വലിച്ചതായി അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് ദാതാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഉപാധ്യായ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിന്ന് വിവാദമുയര്‍ന്നിരുന്നതിന് പിന്നാലെയാണ് പരാമര്‍ശം പിന്‍വലിച്ചതായി അറിയിച്ചത്. റിട്ട് ഹര്‍ജികളിലും ഉപാധ്യായ ഇത്തരത്തില്‍ ആക്ഷേപകരമായ പ്രസ്‌താവനകള്‍ നടത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു.
കോടതിയില്‍ നിങ്ങള്‍ ഉദ്യോഗസ്ഥനായാണ് ഹാജരാകുന്നത്. അതിനാല്‍ ഹര്‍ജികളില്‍ പോലും അത്തരം പ്രസ്‌താവനകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും ദവെ വ്യക്തമാക്കി. കേസില്‍ എല്ലാ കക്ഷികളുടെയും മറുപടികള്‍ ലഭിച്ച ശേഷം മാത്രമെ വാദം തുടങ്ങാന്‍ കഴിയുകയുള്ളൂവെന്നറിയിച്ച കോടതി മൂന്നാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും കേസ് പരിഗണിയ്‌ക്കുമെന്ന് അറിയിച്ചു.
മിശ്രവിവാഹം മൂലമുണ്ടാകുന്ന മത പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമങ്ങളെ ചോദ്യം ചെയ്യുന്ന നിരവധി കേസുകള്‍ ഇക്കഴിഞ്ഞ ജനുവരി 30ന് പരിഗണിച്ച സുപ്രീം കോടതി കേസ് ഫെബ്രുവരി 3ന് വീണ്ടും പരിഗണിയ്‌ക്കുമെന്ന് അറിയിച്ചിരുന്നു. 'സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍റ് പീസ്' എന്ന നിയമം കാരണം ആളുകള്‍ക്ക് വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും ഈ സ്ഥിതി വളരെ ഗുരുതരമാണെന്നും ഹര്‍ജിക്കാരില്‍ ഒരാളായ ആക്‌ടിവിസ്റ്റ് ടീസ്‌റ്റ സെതല്‍വാദ് പറഞ്ഞിരുന്നു. അതേസമയം ഇത് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട സംസ്ഥാന നിയമമാണെന്നും ബന്ധപ്പെട്ട ഹൈക്കോടതികള്‍ ഈ കേസുകള്‍ കേള്‍ക്കണമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
ഇത്തരം പ്രയാസങ്ങള്‍ നേരിടുന്നവരോട് ഹൈക്കോടതിയിലെ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു പൊതു ഹര്‍ജി ഫയല്‍ ചെയ്യാന്‍ സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി വിരവധി കേസുകളാണ് വിഷയം സംബന്ധിച്ച് നിലവിലുള്ളതെന്ന് സുപ്രീം കോടതി പറഞ്ഞു. മതപരിവര്‍ത്തനം ഗുരുതരമായ പ്രശ്‌നമാണെന്നും അതിന് രാഷ്‌ട്രീയ നിറം നല്‍കേണ്ടതില്ലെന്നും ജസ്റ്റിസ് എംആര്‍ ഷായുടെ ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു.
ഒരാളുടെ വ്യക്തി സ്വാതന്ത്രത്തെയും ഇഷ്‌ടമുള്ള മതം ആചരിക്കാനുള്ള സ്വാതന്ത്രത്തെയും അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിന് അധികാരം നല്‍കുന്ന നിയമ നിര്‍മാണങ്ങള്‍ ഭരണഘടനയുടെ 21, 25 വകുപ്പുകളുടെ ലംഘനമാണെന്നും എന്‍ജിഒ ഹര്‍ജിയില്‍ ആരോപിച്ചു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മതപരിവർത്തന വിരുദ്ധ നിയമങ്ങളെ ചോദ്യം ചെയ്‌ത് ജംഇയ്യത്തുല്‍ ഉലമ ഹിന്ദും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മിശ്രവിശ്വാസികളായ ദമ്പതികളെ പീഡിപ്പിക്കാനും അവരെ ക്രിമിനൽ കേസുകളിപ്പെടുത്താനുമാണ് ഈ നിയമങ്ങൾ നടപ്പാക്കിയതെന്ന് അവർ വാദിച്ചു.