ന്യൂഡൽഹി : കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് ഉൾപ്പടെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. രാഷ്‌ട്രീയ നേതാക്കൾക്ക് വേണ്ടി പൊതുവായ മാനദണ്ഡം ഉണ്ടാക്കണം എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ ബി പർദിവാലയും അടങ്ങുന്ന ബഞ്ച് ഹര്‍ജി പരിഗണിക്കാൻ വിസമ്മതിച്ചത്.
ഒരു കേസിന്‍റെ വസ്‌തുതകളുമായി ബന്ധമില്ലാതെ പൊതു മാർഗ നിർദേശങ്ങൾ നിരത്തുന്നത് അപകടകരമാണെന്നും ബഞ്ച് വിലയിരുത്തി. കൂടാതെ ആർക്കെങ്കിലും വ്യക്‌തിപരമായ പരാതി ഉണ്ടെങ്കിൽ കേസ് പരിഹരിക്കാൻ തയ്യാറാണെന്നും കോടതി വ്യക്‌തമാക്കി. ഹർജി പരിഗണിക്കുന്നതിൽ കോടതി വിമുഖത കാട്ടിയതോടെ പ്രതിപക്ഷ കക്ഷികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എം എം സിങ്‌വി ഹർജി പിൻവലിക്കാൻ അനുമതി തേടി. പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഹർജി പിൻവലിക്കുകയായിരുന്നു.
കേന്ദ്ര സർക്കാരിനോട് വിയോജിക്കുന്ന പ്രതിപക്ഷ നേതാക്കൾക്കും പൗരർക്കുമെതിരായ നിർബന്ധിത ക്രിമിനൽ നടപടികളുടെ വർധനവ് ചൂണ്ടിക്കാട്ടിയാണ് 14 പ്രതിപക്ഷ പാർട്ടികൾ സംയുക്‌തമായി മാർച്ച് 24ന് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. രാഷ്‌ട്രീയ വിയോജിപ്പുകളെ പൂർണമായും തകർക്കാൻ ലക്ഷ്യമിട്ട് സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ആയുധമാക്കുന്നു എന്നതായിരുന്നു ഹർജിയിലെ പ്രധാന ആരോപണം.
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്, ഡിഎംകെ, ആർജെഡി, ബിആർഎസ്, ടിഎംസി, എഎപി, എൻസിപി, ശിവസേന, ജെഎംഎം, ജെഡിയു, സിപിഎം, സിപിഐ, സമാജ്‌വാദി പാർട്ടി, ജമ്മു കശ്‌മീർ നാഷണൽ കോണ്‍ഫറൻസ് എന്നീ പാർട്ടികളാണ് ഹർജി നൽകിയത്. രാഹുൽ ഗാന്ധിക്കെതിരായ കേസിനും എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്കും പിന്നാലെയായിരുന്നു കേന്ദ്ര സർക്കിനെതിരായ പ്രതിപക്ഷ പാർട്ടികളുടെ നീക്കം.