ന്യൂഡൽഹി : അന്തർസംസ്ഥാന യാത്രയ്ക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടക സർക്കാരിന്‍റെ തീരുമാനം ശരിവച്ച് സുപ്രീം കോടതി. വിഷയത്തിൽ മൗലികാവകാശ ലംഘനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടകയുടെ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജികൾ കോടതി തള്ളിയത്.
കൊവിഡ് പൂർണമായും മാറിയിട്ടില്ലെന്നും സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഉചിതമാണെന്നും ജസ്റ്റിസ് എൽ നാഗേശ്വര റാവു, ബി ആർ ഗവായ് എന്നിവരുടെ ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. പൊതുജനാരോഗ്യം മുന്നിൽക്കണ്ടേ പ്രവര്‍ത്തിക്കാനാവൂവെന്നും കോടതി വ്യക്തമാക്കി.
also read: മുല്ലപ്പെരിയാറിന് ഇന്ന് ചരിത്രദിനം ; പാട്ടക്കരാര്‍ ഒപ്പുവച്ചതിന്‍റെ 135ാം വാര്‍ഷികനാള്‍
കർണാടക സർക്കാർ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവന്നിരുന്നു. എന്നാല്‍ വിദ്യാർഥികളുടെയും വ്യാപാരികളുടെയും ആവശ്യം മുന്നിൽക്കണ്ടാണ് സർക്കാർ ഈ തീരുമാനം എടുത്തതെന്നും കോടതി വിശദീകരിച്ചു.
കാസർകോടിന്‍റെ അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവര്‍ വിദ്യാഭ്യാസം, മെഡിക്കൽ ആവശ്യങ്ങൾ തുടങ്ങിയവയ്ക്ക് മംഗളുരുവിനെയാണ് ആശ്രയിക്കുന്നതെന്ന് ഹാരിസ് ബീരാൻ കോടതിയിൽ വാദിച്ചിരുന്നു. കാസർകോട് നിന്ന് മംഗളൂരുവിലേക്ക് പോകുന്നവരാണ് കർണാടക സർക്കാരിന്‍റെ തീരുമാനത്തിൽ ദുരിതത്തിലായത്.