ന്യൂഡല്‍ഹി: ടെലിവിഷന്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ടെലിവിഷന്‍ മാധ്യമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി സംഭവങ്ങള്‍ വര്‍ഗീയത വളര്‍ത്തുന്ന രീതിയില്‍ അവതരിപ്പിക്കുന്നു എന്ന് ജസ്റ്റിസ് കെഎം ജോസഫും ജസ്‌റ്റീസ് ബിവി നാഗരതയും അടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി. ധരം സന്‍സദുകളില്‍ ഉണ്ടായ വിദ്വേഷ പ്രസംഗങ്ങള്‍, തബ്ലീഗി ജമാഅത്തിനെതിരായ വിദ്വേഷ പ്രചരണങ്ങള്‍ എന്നിവയടക്കം ചൂണ്ടിക്കാട്ടി വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.
അഭിപ്രായ സ്വാതന്ത്ര്യം ഉത്തരവാദത്തില്‍ അധിഷ്‌ഠിതമാകണം: മനസില്‍ തോന്നുന്നതെന്തും വിളിച്ച് പറയാനുള്ള അവകാശം തങ്ങള്‍ക്കില്ലെന്ന് മാധ്യമങ്ങള്‍ മനസിലാക്കണം. അഭിപ്രായ സ്വാതന്ത്ര്യം ഉത്തരവാദിത്താല്‍ അധിഷ്‌ഠിതമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഒരു അജണ്ട വച്ചാണ് നിങ്ങള്‍ കൈയാളുന്നതെങ്കില്‍ നിങ്ങള്‍ ജനങ്ങളെയല്ല സേവിക്കുന്നത്.
ടിആര്‍പി വര്‍ധിപ്പിക്കുകയാണ് എല്ലാ ചാനലുകളുടേയും ആത്യന്തികമായ ലക്ഷ്യം. എന്നാല്‍ ഇത് സമൂഹത്തില്‍ പല പ്രശ്‌നങ്ങളും സൃഷ്‌ടിക്കുന്നു. എന്നാല്‍ ഇവ പരിഹരിക്കാന്‍ യാതൊരു ശ്രമങ്ങളും നടത്തുന്നില്ല.
ജനങ്ങളെ സ്വാധീനിക്കാനുള്ള ശേഷി മാധ്യമങ്ങള്‍ക്ക് ഉള്ളതിനാല്‍ സംയമനം പാലിക്കാന്‍ അവര്‍ ശീലിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ടിവി ചാനലുകള്‍ ആളുകളുടെ ശ്രദ്ധ ലഭിക്കുന്നതിനായി വാര്‍ത്തകള്‍ അതിഭാവുകത്തോടെ അവതരിപ്പിക്കുന്നു. ഇത് ജനങ്ങള്‍ പലപ്പോഴും അതേപടി വിഴുങ്ങുകയാണെന്നും ജസ്റ്റിസ് കെഎം ജോസഫ് പറഞ്ഞു. ഭീതിദമായ സ്ഥിതിയാണ് ഇത് ഉണ്ടാക്കുന്നത്.
അവതാരകര്‍ പ്രശ്‌നക്കാര്‍: മറ്റ് എല്ലാ മാധ്യമങ്ങളേക്കാളും ടിവി ആളുകളെ പെട്ടെന്ന് സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ ടിവിയില്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ടിവി അവതാരകര്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു.
ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്ന ചിലരെ ഇവര്‍ സംസാരിക്കാന്‍ സമ്മതിക്കുന്നില്ല. ശരിയായി മനസുവെക്കുകയാണെങ്കില്‍ വിദ്വേഷ പ്രചരണങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാറിന് സാധിക്കുമെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു.
വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് രണ്ട് ആഴ്‌ചകള്‍ക്കകം ഫയല്‍ ചെയ്യാനായി ഉത്തരാഖണ്ഡ്, ഡല്‍ഹി സംസ്ഥാനങ്ങളോട് സുപ്രീംകോടതി നിര്‍ദേശിച്ചു. വിദ്വേഷ പ്രസംഗം തടയാനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നതില്‍ മറുപടി നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും മൂന്നാഴ്‌ചയും സുപ്രീംകോടതി നല്‍കി. ഒരു മാസത്തിന് ശേഷം ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കും.