ന്യൂഡല്‍ഹി : അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താത്‌പര്യ ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി (SC on Adani Hindenburg row). സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) യോട് അന്വേഷണം തുടരാനും സുപ്രീം കോടതി (SC to SEBI on Adani Hindenburg row) നിര്‍ദേശിച്ചു. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആണ് സെബിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ നിയമം അനുസരിച്ച് നടപടി എടുക്കുമെന്നും കോടതി വ്യക്തമാക്കി. അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. സെബിയുടെ അധികാര പരിധിയില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണം തുടരാം എന്നും വ്യക്തമാക്കി. നിയമ ലംഘനം നടന്നോ എന്നത് കേന്ദ്രസര്‍ക്കാര്‍ കൂടി പരിശോധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഓഹരി വിപണിയെ സ്വാധീനിച്ചു എന്ന ആരോപണം പരിശോധിക്കാനും നിര്‍ദേശമുണ്ട്. ആധികാരികത ഇല്ലാത്ത റിപ്പോര്‍ട്ടുകളില്‍ പൊതു താത്‌പര്യ ഹര്‍ജി നല്‍കരുതെന്നും സുപ്രീം കോടതി ശാസിച്ചു. ഓഹരിയിലും അക്കൗണ്ടിങ്ങിലും അദാനി ഗ്രൂപ്പ് കൃത്രിമത്വം നടത്തുന്നുണ്ടെന്നാണ് തങ്ങളുടെ രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് ഹിന്‍ഡര്‍ബര്‍ഗ് റിസര്‍ച്ച് വ്യക്തമാക്കിയത്.
അദാനി ഗ്രൂപ്പ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകര്‍ക്കായി 20,000 കോടി രൂപയുടെ എഫ്‌പിഒ ആരംഭിച്ചതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതോടെ തങ്ങള്‍ക്ക് കീഴിലുള്ള എല്ലാ കമ്പനികളുടെയും ഓഹരികള്‍ക്ക് നഷ്‌ടം സംഭവിച്ചതായി അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു. ഒറ്റയടിക്ക് 90,000 കോടി രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ് അദാനി ഗ്രൂപ്പ് ആരോപിച്ചത്. ജനുവരി 24ന് പുറത്തുവിട്ട റിപ്പോര്‍ട്ട് തങ്ങളുടെ ഓഹരി ഉടമകളെ പ്രതികൂലമായി ബാധിച്ചുവെന്നും അദാനി ഗ്രൂപ്പ് പറഞ്ഞിരുന്നു.
അദാനി ഗ്രൂപ്പിന്‍റെ ഓഹരി വില ഇടിഞ്ഞാല്‍ തങ്ങള്‍ക്ക് നേട്ടമുണ്ടാകുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് നേരത്തേതന്നെ സമ്മതിച്ച കാര്യമാണ്. തങ്ങളെ കരിവാരിത്തേച്ച് ഓഹരി ഉടമകളെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കാനുള്ള വിദേശ സ്ഥാപനത്തിന്‍റെ നടപടിയില്‍ കടുത്ത ആശങ്കയുണ്ട്. ആദാനി എന്‍റര്‍പ്രൈസസില്‍ നിന്നുള്ള എഫ്‌പിഒയെ തകിടം മറിക്കലായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ ലക്ഷ്യമെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.