ന്യൂഡൽഹി : ഗുജറാത്ത് കലാപക്കേസുകളിൽ നിരപരാധികളെ കുടുക്കാൻ വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് അറസ്റ്റുചെയ്‌ത ആക്‌ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്‍റെ ഇടക്കാല ജാമ്യാപേക്ഷയിൽ ഗുജറാത്ത് സർക്കാരിന് നോട്ടിസ് അയച്ച് സുപ്രീം കോടതി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് ഗുജറാത്ത് സർക്കാരിനോട് പ്രതികരണം തേടി നോട്ടിസ് അയച്ചത്. കേസ് ഓഗസ്റ്റ് 25 ന് വീണ്ടും പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട് ജൂൺ 25 നാണ് ടീസ്റ്റ സെതൽവാദ്, ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ എന്നിവരെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. പിന്നാലെ അഹമ്മദാബാദ് സിറ്റി സെഷൻസ് കോടതിയും ഗുജറാത്ത് ഹൈക്കോടതിയും ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് ഇരുവരും സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
ഗുജറാത്ത് കലാപക്കേസിൽ മോദിയടക്കമുള്ളവർക്ക് പങ്കില്ലെന്ന എസ്ഐടി കണ്ടെത്തൽ സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു ഇരുവരുടേയും അറസ്റ്റ്. കേസിൽ വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടിയാവാമെന്ന കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് നടപടിയുണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെ 64പേർക്ക് എസ്‌ഐടി ക്ലീൻ ചിറ്റ് നൽകിയ നടപടിയെ ചോദ്യം ചെയ്ത് അന്തരിച്ച കോൺഗ്രസ് എംപി എഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ജാഫ്രിയുടെ ഹർജിയെ എസ്‌ഐടി സുപ്രീം കോടതിയിൽ എതിർത്തു. പിന്നാലെ ജൂൺ 24ന് ഹർജി തള്ളുകയായിരുന്നു.
അതിന് പിന്നാലെയാണ് സെതൽവാദ്, ശ്രീകുമാർ, ഐപിഎസ് ഓഫിസർ സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 2002 ഫെബ്രുവരി 28-ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിലുണ്ടായ അക്രമത്തിൽ എഹ്‌സാൻ ജാഫ്രി ഉൾപ്പടെ 69 പേരായിരുന്നു കൊല്ലപ്പെട്ടത്.
കലാപകാലത്ത് എഡിജിപിയായിരുന്ന ശ്രീകുമാർ നാനാവതി കമ്മിഷന് മുന്നിൽ അന്നത്തെ മോദി സർക്കാരിനെതിരായ തെളിവുകൾ ഹാജരാക്കിയിരുന്നു. എന്നാൽ ബിജെപി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെ നിർദ്ദേശപ്രകാരം നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നായിരുന്നു എസ്ഐടിയുടെ ആരോപണം.