ന്യൂഡൽഹി: രാജ്യദ്രോഹക്കേസിൽ ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത വൈ.എസ്.ആർ കോൺഗ്രസ് എം.പി കെ രഘു രാമകൃഷ്ണ രാജുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. എംപിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. മാത്രമല്ല പൊലീസ് കസ്റ്റഡിയിൽ വിടാൻ മാത്രം എംപിക്കെതിരെയുള്ള കുറ്റപത്രം പര്യാപ്‌തമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
എന്നാൽ കേസിന്‍റെ അന്വേഷണത്തിൽ രഘു രാമകൃഷ്ണ രാജു സഹകരിക്കണമെന്നും അഭിഭാഷകന്‍റെ സാന്നിധ്യത്തിൽ എംപിക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുമ്പാകെ ഹാജരാകാം എന്നും കോടതി പറഞ്ഞു. കൂടാതെ കേസ് സംബന്ധിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുതെന്നുൾപ്പെടെ നിരവധി വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
ആന്ധ്രാപ്രദേശിലെ നർസാപുരം ലോക്‌സഭാ മണ്ഡലത്തിലെ എംപിയായ രാജു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയെയും സർക്കാരിനേയും വിമർശിച്ചതിനാലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസിന്‍റെ കസ്റ്റഡിയിൽ കഴിയവെ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് തന്നെ കാലിൽ അടിച്ചതായി എംപി പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആന്ധ്ര ഹൈക്കോടതി രാജുവിന്‍റെ കാലിന് പരിക്കേറ്റെന്ന പരാതി പരിശോധിക്കാന്‍ പ്രത്യേക ഡിവിഷന്‍ ബഞ്ച് രൂപീകരിച്ചു. മാത്രമല്ല അദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷ നൽകാനും കോടതി ഉത്തരവിട്ടിരുന്നു.
Also read: സിഐഡി കസ്‌റ്റഡിയില്‍ എം.പിക്ക് പരിക്കേറ്റെന്ന പരാതി : പരിശോധിക്കാന്‍ പ്രത്യേക ബഞ്ച്