ന്യൂഡൽഹി: മുസ്‌ലിം വ്യക്തി നിയമ പ്രകാരം അനുവദനീയമായ ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും (മുൻ ഭർത്താവിനെ പുനർവിവാഹം ചെയ്യുന്നത്) നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാൻ സുപ്രീംകോടതി ഭരണഘടന ബെഞ്ച് പുനസംഘടിപ്പിക്കും. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജികള്‍ ആദ്യം സമര്‍പ്പിച്ചത്.
എന്നാല്‍ ഇരുവരും വിരമിച്ചതിനാല്‍ പുതിയ ബെഞ്ച് രൂപീകരിക്കണമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് പുതിയ ബെഞ്ച് രൂപീകരിക്കാനുള്ള സുപ്രീം കോടതിയുടെ നീക്കം. അഭിഭാഷകരായ അശ്വിനി ഉപാധ്യായയും മൊഹ്‌സിൻ കോത്താരിയും ഉള്‍പ്പെടെയുള്ള ഒരുക്കൂട്ടം മുസ്‌ലിം സ്‌ത്രീകളാണ് ഹര്‍ജി നല്‍കിയത്.
നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും മൗലികാവകാശങ്ങൾക്ക് വിരുദ്ധമായതിനാൽ അവ നിരോധിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. മുസ്‌ലിം വ്യക്തി നിയമം (ശരിയത്ത്) ഭരണഘടന വിരുദ്ധവും ആര്‍ട്ടിക്കിള്‍ 14, 15, 21 എന്നിവയുടെ ലംഘനമാണെന്നും പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.