മുംബൈ: മറാത്ത സമുദായത്തിന്‍റെ സംവരണവുമായി ബന്ധപ്പെട്ട് പുനഃപരിശോധനയുടെ ആവശ്യമില്ലെന്ന് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാറും മറാത്ത സംവരണ പ്രസ്ഥാനത്തിന്‍റെ കോ-ഓര്‍ഡിനേറ്റര്‍ വിനോദ് പാട്ടീലും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
1992 വിധി പ്രകാരം സംവരണത്തിന്‍റെ പരിധി 50 ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കാൻ കഴിയില്ലെന്നും സംവരണം ഏർപ്പെടുത്തിയതിന്‍റെ പേരിൽ മഹാരാഷ്‌ട്ര സർക്കാർ ഈ പരിധി ലംഘിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനമോ ജോലിയോ ഈ വ്യവസ്ഥ പ്രകാരം നൽകാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മറാത്ത സംവരണം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാറും മറാത്ത സംവരണ പ്രസ്ഥാനത്തിന്‍റെ കോ-ഓര്‍ഡിനേറ്റര്‍ വിനോദ് പട്ടീലും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീം കോടതിയുടെ നടപടി സംസ്ഥാന സര്‍ക്കാറിന് വലിയ തിരിച്ചടിയായി.
പ്രതികരണവുമായി ഏക്‌നാഥ് ഷിന്‍ഡെ: മറാത്ത സമുദായത്തിന്‍റെ സംവരണത്തില്‍ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയതില്‍ പ്രതികരണവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ രംഗത്ത്. സംവരണത്തോട് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭോസ്‌ലെ കമ്മിറ്റിയുടെ നിർദേശങ്ങൾക്കനുസൃതമായാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്നും ഷിന്‍ഡെ പറഞ്ഞു. മറാത്ത സമുദായത്തിന് സംവരണം ലഭിക്കാൻ സമിതി നൽകുന്ന നിർദേശങ്ങൾ സർക്കാർ സുപ്രീം കോടതിയിൽ സമര്‍പ്പിക്കും. വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും ഹര്‍ജി നല്‍കണമെങ്കില്‍ അതും ചെയ്യുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി.
മറാത്ത സമുദായ സംവരണം തള്ളിയത് ഗൗരവമുള്ളതല്ല: മറാത്ത സമുദായത്തിന്‍റെ സംവരണം പുനഃപരിശോധിക്കാനുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയത് ഗൗരവമുള്ള വിഷയമല്ലെന്ന് മറാത്ത സംവരണ പ്രസ്ഥാനത്തിന്‍റെ കോ-ഓർഡിനേറ്റർ വിനോദ് പാട്ടീല്‍ പറഞ്ഞു. 'നിര്‍ഭാഗ്യവശാല്‍ സുപ്രീം കോടതി ഹര്‍ജി തള്ളി. മറാത്ത സമുദായം വിഷയവുമായി നേരത്തെ നാല് മുഖ്യമന്ത്രിമാരെ സമീപിച്ചിട്ടുണ്ട്.
ഒരു സര്‍ക്കാരും വിഷയം ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. സ്ഥിതി മാറിയിരിക്കുകയാണ്. ഇനി എന്ത് നിയമനടപടി സ്വീകരിക്കണമെന്ന് ഞാൻ എന്‍റെ നിയമ സംഘവുമായി ആലോചിച്ചു വരികയാണ്. കൂടാതെ വിഷയത്തില്‍ സംസ്ഥാന സർക്കാർ എത്രയും വേഗം ഉചിതമായ നടപടികൾ സ്വീകരിക്കണം' -വിനോദ് പാട്ടീൽ ആവശ്യപ്പെട്ടു.
ഹര്‍ജി തള്ളല്‍ നേരത്തെയും: മറാത്ത സമുദായത്തിന്‍റെ സംവരണം പുനഃപരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ ഹര്‍ജിയും നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. ഹര്‍ജി തള്ളിയ കോടതി മറാത്ത സമുദായത്തിന് സംവരണം നല്‍കേണ്ട സാഹചര്യം നിലവിലില്ലെന്നും കൂട്ടിച്ചേര്‍ത്തു.