ന്യൂഡല്‍ഹി: മാഫിയ തലവനും രാഷ്‌ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദിന്‍റെയും സഹോദരന്‍ അഷ്‌റഫിന്‍റെയും കൊലപാതകത്തിന് പിന്നാലെ സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യുപി സര്‍ക്കാരിനോട് സുപ്രീം കോടതി. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിര്‍ദേശം. അതിഖ് അഹമ്മദിന്‍റെ മകന്‍ അസദ് ഝാന്‍സിയില്‍ കൊല്ലപ്പെട്ട സംഭവത്തിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ട്.
2017 മുതൽ ഉത്തർപ്രദേശിൽ നടന്ന 183 ഏറ്റുമുട്ടലുകളിൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച ഹർജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ 13നാണ് യുപി പൊലീസിന്‍റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടി) സംഘം നടത്തിയ ഏറ്റുമുട്ടലില്‍ അസദ് അഹമ്മദ് കൊല്ലപ്പെട്ടത്. രണ്ട് ദിവസത്തിന് ശേഷം അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും കൊല്ലപ്പെട്ടു.
പൊലീസ് വലയത്തിനുള്ളില്‍ കൊലപാതകം: ഉമേഷ് പാല്‍ വധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരായിരുന്നു അതിഖും സഹോദരനും. പൊലീസ് അകമ്പടിയോടെ മെഡിക്കല്‍ പരിശോധനയ്‌ക്കായി പ്രയാഗ്‌രാജിലെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു ഇരുവരുടെയും മരണം. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനെ എത്തിയ മൂന്നംഗ സംഘമാണ് അതിഖിനും അഷ്‌റഫിനും നേരെ വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്ത് തന്നെ അക്രമികളെ പൊലീസ് പിടികൂടിയിരുന്നു.
ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരാണ് പിടിയിലായത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പ്രയാഗ്‌രാജ് പൊലീസ് കമ്മിഷണര്‍ മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു. ഏപ്രില്‍ 20മുതല്‍ 23വരെ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളെ ഒന്നിച്ചും വെവ്വേറെയും ചോദ്യം ചെയ്യുകയുണ്ടായി.
പ്രശസ്‌തിക്ക് വേണ്ടിയാണ് കൊല നടത്തിയത് എന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ആസാദ് രാജു പാല്‍ വധത്തിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ വെടിവച്ച് കൊല്ലുന്നത് ടിവിയില്‍ കണ്ടെന്നും ഇത് കണ്ടപ്പോള്‍ സമാനമായ രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയതായും പ്രതികളില്‍ ഒരാള്‍ പറഞ്ഞു.
ഇതിനിടെ പൊലീസ് സംരക്ഷണയിലുള്ള പ്രതികള്‍ കൊല്ലപ്പെട്ടത് സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതിന്‍റെ ലക്ഷണമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികല്‍ രംഗത്തു വന്നിരുന്നു. ഉത്തര്‍പ്രദേശില്‍ ക്രമസമാധാനം കൊല ചെയ്യപ്പെട്ടു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
വിശാല്‍ തിവാരിയുടെ പൊതുതാത്‌പര്യ ഹര്‍ജി: അതേസമയം അതിഖിന്‍റെയും അഷ്‌റഫിന്‍റെയും കൊലപാതകവും 2017 മുതല്‍ യുപിയില്‍ നടന്ന 183 എന്‍കൗണ്ടറുകളും വിദഗ്‌ധ സമിതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിശാല്‍ തിവാരി സുപ്രീം കോടതിയില്‍ പൊതുതാത്‌പര്യ ഹര്‍ജി സമര്‍പ്പിച്ചു. വിഷയം അന്വേഷിക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്‌ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര സമിതി രൂപീകരിക്കണമെന്നും വിഷാല്‍ തിവാരി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എന്‍കൗണ്ടറുകളെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഇതിനിടെ അതിഖിന്‍റെയും അഷ്‌റഫിന്‍റെയും കൊലപാതകം സംബന്ധിച്ച് പൊലീസിന് വീഴ്‌ചയുണ്ടായതായി കണ്ടെത്തി അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഷാഗഞ്ച് പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് അശ്വനി കുമാർ സിങ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ അനാസ്ഥ കാണിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചതോടെയാണ് ഇവര്‍ക്കെതിരെ നടപടി എടുത്തത്.