ന്യൂഡല്‍ഹി: മലയാളം ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കി സുപ്രീം കോടതി. 'സ്വതന്ത്ര മാധ്യമങ്ങള്‍ സമൂഹത്തിന് അത്യന്താപേക്ഷിതമാണ്' എന്ന് നിരീക്ഷിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മാധ്യമ സ്ഥാപനത്തിന്‍റെ വിലക്ക് നീക്കാനും കേന്ദ്രത്തോട് ലൈസന്‍സ് അനുവദിക്കാനും നിര്‍ദേശിച്ചത്. ചാനലിന്‍റെ ബ്രോഡ്‌കാസ്റ്റ് ലൈസന്‍സുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേന്ദ്രം വിശദീകരണം നല്‍കാത്തതിലുള്ള ആശ്ചര്യവും ബെഞ്ച് പ്രകടിപ്പിച്ചു.
മാധ്യമ സ്ഥാപനത്തിന്‍റെ സംപ്രേഷണം നിര്‍ത്തിയത് ദേശീയ സുരക്ഷ മുന്‍ നിര്‍ത്തിയാണെന്ന അവകാശ വാദം സ്റ്റേറ്റ് തെളിയിക്കണമെന്നും ചിഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. 'കേന്ദ്ര ഏജൻസികളുടെ രഹസ്യാത്മക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം ഈ അവകാശവാദം ഉന്നയിക്കുന്നത്. അത്തരം അവകാശവാദങ്ങൾ കോടതിക്ക് അംഗീകരിക്കാൻ കഴിയില്ല.
സിബിഐയും മറ്റ് ഏജൻസികളും പശ്ചാത്തല പരിശോധന നടത്തേണ്ടതുണ്ട്. കേവലം വസ്‌തുത കണ്ടെത്തലല്ല റിപ്പോർട്ടുകൾ. വ്യക്തികളെ ആശ്രയിക്കുമ്പോൾ അവരെക്കുറിച്ചുള്ള അനുമാനങ്ങൾ നൽകേണ്ടതുണ്ട്', ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എല്ലാ റിപ്പോർട്ടുകളും രഹസ്യമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഇത് സുതാര്യമായ സംവിധാനത്തിന് വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
'ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ ഇടപെടുക എന്നത് കേന്ദ്രത്തിന്‍റെ ഭരണഘടനാപരമായ കടമയാണ്. എന്നാല്‍ ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യം എന്താണെന്ന് വിശദീകരിക്കാന്‍ കേന്ദ്രത്തിന് സാധിച്ചില്ല. പൗരന്മാരുടെ നിയമ പരിരക്ഷ നിഷേധിക്കാന്‍ ഭരണകൂടം ദേശീയ സുരക്ഷ ഉപയോഗിക്കുന്നു', ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുരക്ഷ മുന്‍നിര്‍ത്തി ചാനലിന് ലൈസൻസ് നിഷേധിക്കുന്നതിനുള്ള കാരണങ്ങൾ വെളിപ്പെടുത്താതിരിക്കുകയും മുദ്രവച്ച കവറിൽ കോടതിയിൽ മാത്രം വെളിപ്പെടുത്തുകയും ചെയ്യുന്നത് സ്വാഭാവിക നീതിയുടെയും അവകാശങ്ങളുടെയും ലംഘനമാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രം ഇടപെടുന്നത് ഭരണകൂടത്തെ നീതിപൂർവം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
സീൽ ചെയ്‌ത കവർ മുഖേനയുള്ള നടപടിക്രമം അപേക്ഷകന്‍റെ അവകാശങ്ങൾ ഹനിക്കുന്നതാണ്. പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കാൻ ദേശീയ സുരക്ഷ സര്‍ക്കാര്‍ ഉപയോഗിക്കുന്നു. ഇത് നിയമവാഴ്‌ചയുമായി പൊരുത്തപ്പെടുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു.
ഒരു സ്വതന്ത്ര പത്രം സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. ജനാധിപത്യത്തെ ശരിയായ പാതയിലേക്ക് നയിക്കാൻ യഥാര്‍ഥ അധികാരികളോട് സത്യം പറയാൻ പത്രങ്ങൾക്ക് കടമയുണ്ട്. സർക്കാരിനെക്കുറിച്ചുള്ള ചാനലിന്‍റെ വിമർശനാത്മക വീക്ഷണങ്ങളെ ദേശവിരുദ്ധമെന്ന് വിളിക്കാൻ കഴിയില്ല. ഇത്തരം കാര്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നു. ജെഐഎച്ച് (ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്) നിരോധിത സംഘടനയല്ലെന്നും അതിനോട് അനുഭാവം പുലർത്തുന്നത് രാജ്യസുരക്ഷയെ ബാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.