ന്യൂഡല്‍ഹി: മണിപ്പൂര്‍ കേസില്‍ സിബിഐ താല്‍ക്കാലം അതിജീവിതമാരുടെ മൊഴിയെടുക്കരുതെന്ന് സുപ്രീം കോടതി. സിബിഐയെ ഇക്കാര്യം അറിയിക്കാന്‍ സോളിറ്ററി ജനറലിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഇന്ന് (ഓഗസ്റ്റ് 01) ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് വിഷയവുമായി ബന്ധപ്പെട്ട പ്രധാന കേസ് കോടതിയുടെ പരിഗണിക്കുന്നുണ്ട്.
സിബിഐ മൊഴി രേഖപ്പെടുത്താന്‍ എത്തുന്നത് തടയണമെന്ന് അതിജീവിതമാർ നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ന് കേസില്‍ വാദം കേള്‍ക്കുന്നത് വരെ മൊഴി രേഖപ്പെടുത്തുന്നതിനായി കാത്തിരിക്കുന്ന കാര്യം സിബിഐയെ അറിയിക്കാന്‍ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
കേസില്‍ മൊഴി രേഖപ്പെടുത്തുന്നതിനായി അതിജീവിതമാരോട് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ട കാര്യം അവരുടെ അഭിഭാഷകന്‍ നിസാം പാഷ കോടതിയെ അറിയിച്ചു. എന്നാല്‍, തനിക്ക് ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിനും മണിപ്പൂര്‍ സര്‍ക്കാരിനും വേണ്ടി കോടതിയില്‍ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞത്.
അതേസമയം നേരത്തെ, മണിപ്പൂരിൽ രണ്ട് സ്‌ത്രീകളെ നഗ്നരാക്കി പൊതുമധ്യത്തിൽ നടത്തിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനോടും മണിപ്പൂർ സർക്കാരിനോടും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടത്. സംഭവം അത്യന്തം അലോസരപ്പെടുത്തുന്നതാണെന്നും ഭരണഘടനാപരമായ ജനാധിപത്യത്തിൽ സ്വീകാര്യമല്ലാത്ത കാര്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
സർക്കാരിന് പ്രവർത്തിക്കാൻ കുറച്ച് സമയം നൽകും. എന്നിട്ടും വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ കോടതി നടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു.
മണിപ്പൂരിലെ സംഭവങ്ങള്‍ ആര്‍ക്കും പൊറുക്കാന്‍ പറ്റാത്തത് : മണിപ്പൂര്‍ വിഷയം കഴിഞ്ഞ ദിവസവും സുപ്രീം കോടതിയുടെ പരിഗണനയിലേക്ക് വന്നിരുന്നു. നിലവില്‍, മണിപ്പൂരില്‍ സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ആര്‍ക്കും പൊറുക്കാന്‍ സാധിക്കുന്നതല്ലെന്ന നിരീക്ഷണമായിരുന്നു കോടതിയുടേത്. പശ്ചിമ ബംഗാള്‍, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മണിപ്പൂരിന് സമാനമാണെന്ന വാദം അഭിഭാഷക ബൻസുരി സ്വരാജ് കോടതിയില്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കോടതി വിഷയത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'മണിപ്പൂരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോള്‍ ഞങ്ങൾ കേള്‍ക്കുന്നത്. ബാക്കിയുള്ള കാര്യങ്ങളിലേക്ക് പിന്നീട് വരാം. രാജ്യത്തെ എല്ലാ പെണ്‍കുട്ടികളും സ്‌ത്രീകളും ഇത്തരം അതിക്രമത്തിന് ഇരകളാകാതെ തന്നെ സംരക്ഷിക്കപ്പെടേണ്ടവരാണ്. മണിപ്പൂരില്‍ മാത്രമല്ല, രാജ്യത്ത് എല്ലായിടത്തും സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. അത്, നമ്മുടെ സാമൂഹിക യാഥാര്‍ഥ്യത്തിന്‍റെ ഭാഗമാണ്' - ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
മാപ്പ് നല്‍കാന്‍ കഴിയാത്ത സംഭവങ്ങാളാണ് ഇപ്പോള്‍ മണിപ്പൂരില്‍ നടക്കുന്നത്. രാജ്യത്തിന്‍റെ മറ്റിടങ്ങളിലും കുറ്റകൃത്യങ്ങള്‍ നടക്കുന്നു എന്നത് വസ്‌തുതയാണ്. നിലവില്‍ മണിപ്പൂരില്‍ നടക്കുന്ന കാര്യങ്ങളെ എങ്ങനെ നേരിടാം എന്നതാണ് ചോദ്യം. അക്കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ച വേണ്ടത്. നമ്മുടെ രാജ്യത്തെ മുഴുവന്‍ പെൺമക്കളെയും സംരക്ഷിക്കുന്നതിനെക്കുറിച്ചാണോ അതോ ആരെയും സംരക്ഷിക്കരുത് എന്നാണോ താങ്കള്‍ പറഞ്ഞുവരുന്നതെന്നും അഭിഭാഷക ബൻസുരി സ്വരാജിനോട് കോടതി ചോദിച്ചിരുന്നു.